ഹാപ്പി ആക്സിഡന്റ്, സന്തോഷകരമായ അപകടം എന്നാണ് മോഹൻലാൽ അതിനെ വിളിച്ചത്..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രമായ ഇരുവറിലേതു. എം ജി ആറിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ എന്ന കഥാപാത്രമായി മോഹൻലാൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ അതിനു ആഗോള തലത്തിലാണ് കയ്യടി ലഭിച്ചത്. ന്യൂ യോർക്ക് ടൈംസ്, ടൈംസ് മാഗസിൻ വരെ മോഹൻലാലിനെ വിശേഷിപ്പിച്ചത് അഭിനയത്തിലെ ഇതിഹാസം മർലൻ ബ്രാണ്ടോക്കുള്ള ഇന്ത്യയിൽ നിന്നുള്ള ഉത്തരം എന്നാണ്. ഇരുവറിനു മുൻപേയും മണി രത്‌നം മോഹൻലാൽ ചിത്രം ഒരുക്കിയിട്ടുണ്ട്. മണി രത്‌നം ഒരുക്കിയ ഏക മലയാള ചിത്രമായ ഉണരൂവിലും മോഹൻലാൽ ആയിരുന്നു അഭിനയിച്ചത്. മോഹൻലാൽ എന്ന നടനെ കുറിച്ച് മണി രത്‌നം പറയുന്ന വാക്കുകൾ ഏറെ പ്രശസ്തമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്ന് പറഞ്ഞിട്ടുള്ള മണിരത്‌നം അദ്ദേഹം അഭിനയിക്കുമ്പോൾ കട്ട് പോലും പറയാൻ മറന്നു പോകുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും പറയുന്നു. ഇപ്പോഴിതാ ഇരുവർ ചെയ്യുമ്പോൾ താൻ മോഹൻലാലിൽ നിന്ന് പഠിച്ച പാഠങ്ങൾ ഓർത്തെടുക്കുകയാണ് മണി രത്‌നം.

ഓരോ രംഗങ്ങളിലും മോഹൻലാൽ എന്ന നടൻ കഥാപാത്രങ്ങൾക്ക് നൽകുന്ന സൂക്ഷ്മത തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് എന്നും അക്കാര്യങ്ങൾ തന്റെ സിനിമകളിൽ ഇപ്പോഴും ഉപയോഗപ്പെടുത്താറുണ്ട് എന്നും മണി രത്‌നം പറയുന്നു. മികച്ച അഭിനേതാക്കൾക്കൊപ്പം ജോലി ചെയ്യുന്നതിന്റെ മഹത്തരമായൊരു വശമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിൽ, കാണികളുമായി നൃത്തം ചെയ്യുന്നതു പോലുള്ള കാര്യങ്ങൾ കാണിക്കുന്ന ധാരാളം വിപുലമായ ഷോട്ടുകൾ ഉണ്ടായിരുന്നു എന്നും, വളരെ ബുദ്ധിമുട്ടേറിയ ഷോട്ടുകളായിരുന്നു അതെന്നും അദ്ദേഹം ഓർക്കുന്നു. തങ്ങൾ അത് ഷൂട്ട് ചെയ്യാൻ തിരഞ്ഞെടുത്ത ശൈലി, ചെയ്യേണ്ട കാര്യങ്ങൾ ഏകദേശം അടയാളപ്പെടുത്തുന്ന രീതിയായിരുന്നു. പക്ഷേ മോഹൻലാൽ പറഞ്ഞത്, ഷോട്ട് എങ്ങനെയാവണമെന്നു നൂറുശതമാനം നേരത്തെ ഉറപ്പിച്ചു വയ്ക്കരുത് എന്നും, അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ഉണ്ടാകട്ടെ എന്നുമാണ്. ഹാപ്പി ആക്സിഡന്റ്, സന്തോഷകരമായ അപകടം എന്നാണ് മോഹൻലാൽ അതിനെ വിളിച്ചത്.

Advertisement

അത് വിശദീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞ കാര്യവും മണി രത്‌നം ഓർത്തെടുക്കുന്നു. ഞാൻ നടക്കുകയാണെങ്കിലോ അല്ലെങ്കിൽ അത് ചെയ്യുമ്പോൾ പെട്ടെന്ന് എന്റെ മുണ്ടഴിയുകയാണെങ്കിലോ, ഞാൻ അതുവരെ പ്ലാൻ ചെയ്യാത്ത എന്തെങ്കിലും ആക്ഷൻ ആ ഷോട്ടിൽ ചെയ്യും. അതുമല്ലെങ്കിൽ ആ സമയം ആരെങ്കിലും വഴിതെറ്റി മുന്നിൽ വന്നാൽ, ഞാനൊന്നു നടത്തം നിർത്തി നീങ്ങേണ്ടി വരും. ഈ സംഭവങ്ങൾ സംഭാഷണത്തിന്റെ താളത്തിലുള്ളതാവണമെന്നില്ല എങ്കിലും കുറച്ചുകൂടി യഥാർത്ഥമായി തോന്നും. ഇത്തരം ചെറിയ കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ നടക്കുന്നത് കാണാൻ സന്തോഷമുണ്ട് എന്നാണ് മോഹൻലാൽ പറഞ്ഞത് എന്ന് മണി രത്‌നം വെളിപ്പെടുത്തുന്നു. സംവിധായകൻ ഗൗതം മേനോനുമായുള്ള ഒരു സംസാരത്തിനിടെയാണ് മണിരത്നം ഈ ഓർമ്മകൾ പങ്കു വെച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close