സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മണി രത്‌നം. പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികൾ ഒരുപാട് അദ്ദേഹം പ്രേക്ഷകർക്ക് 2 തലമുറകളായി സമ്മാനിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെ സിനിമകളെയും തിരക്കഥയയെയും പ്രശംസിക്കുന്ന വ്യക്‌തി കൂടിയാണ് മണി രത്‌നം. ഷോലെ എന്ന ബോളിവുഡ് ചിത്രം കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥാ ഒരു മമ്മൂട്ടി ചിത്രത്തിന്റേതാണന്ന് മണി രത്‌നം തുറന്ന് പറഞ്ഞിരിക്കുകയാണ്.
മമ്മൂട്ടി നായകനായിയെത്തിയ ന്യൂ ഡൽഹി എന്ന ചിത്രത്തിന്റെ തിരക്കഥാ ഷോലെ കഴിഞ്ഞാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണെന്ന് മണി രത്‌നം വ്യക്തമാക്കി. ഡെന്നിസ് ജോസഫാണ് ന്യു ഡൽഹിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ന്യു ഡൽഹിയുടെ അവകാശം ചോദിച്ചു സൂപ്പർസ്റ്റാർ രജനികാന്ത് വന്നിട്ടുണ്ടെന്ന് ഡെന്നിസ് ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സൃഷ്ട്ടികളിൽ ഒന്നാണ് ന്യൂ ഡൽഹി. ജി.കൃഷ്ണമൂർത്തി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. 1987 ൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് നേടിയെടുത്തത്. തെലുഗ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ന്യൂ ഡൽഹി സംവിധാനം ചെയ്തിരിക്കുന്നത് ജോഷിയാണ്. ഒരുക്കാലത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥകൾ ഒരുപാട് നടന്മാരുടെ കരിയറിൽ തന്നെ വഴിത്തിരിവാണ് സൃഷ്ട്ടിച്ചത്. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകനും ഡെന്നിസ് ജോസഫിന്റെ സൃഷ്ട്ടിയാണ്. 1985ൽ പുറത്തിറങ്ങിയ ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ ഡെന്നിസ് ജോസഫ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മനു അങ്കിൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ, എഫ്.ഐ. ആർ, ആകാശദൂത് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ തിരക്കഥകൾ ഡെന്നിസ് ജോസഫിന്റെ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്.