മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളിൽ ഒരാളാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ മാമുക്കോയ. 450 ഇൽ അധികം മലയാള സിനിമകളിൽ അഭിനയിച്ച മാമുക്കോയ ഹാസ്യ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം കരസ്ഥമാക്കിയ ആദ്യ മലയാള നടനാണ്. നാൽപത്തിയൊന്ന് വർഷം മുൻപ് അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മാമുക്കോയ പിന്നീട് സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ് എന്ന ചിത്രങ്ങളിലെ പ്രകടനത്തോടെ മാമുക്കോയ മലയാളത്തിലെ പ്രമുഖ ഹാസ്യ താരമായി ഉയർന്നു. അതിനു ശേഷം ഒട്ടേറെ കോമഡി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു. തന്റെ കോഴിക്കോടൻ സംസാര ശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചതിനു കയ്യും കണക്കുമില്ല. ഇന്നും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന കോമഡി വീഡിയോകൾ മാമുക്കോയയുടേതാണ്. ഇപ്പോഴിതാ സിനിമയിൽ വന്നു നാൽപത്തിയൊന്ന് വർഷത്തിന് ശേഷം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഈ നടൻ.
തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ കോബ്രയിലൂടെയാണ് മാമുക്കോയ തന്റെ തമിഴ് അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഇരുപത്തിയഞ്ചോളം ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആർ അജയ് ജ്ഞാനമുത്തു ആണ്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷം ചെയ്യുന്നത്. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏതായാലും കോബ്രയിലൂടെ തന്റെ തമിഴ് അരങ്ങേറ്റം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാമുക്കോയ. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.