മലയാള സിനിമയിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ താരമാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത്. മംമ്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കാർബൺ’. ഈ വർഷം മംമ്തയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നീലി’. നവാഗതനായ അൽത്താഫ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഈ ചിത്രം ഒരു ഹൊറർ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ആസിഫ് അലി പുറത്തുവിട്ട നീലിയിലെ ഒരു ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന നീലിയുടെ ട്രെയ്‌ലർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രതീക്ഷകൾ വാനോളം ഉയർത്തി എന്ന് തന്നെ വിശേഷിപ്പിക്കാം.
എസ്രയ്ക്ക് ശേഷം പ്രേക്ഷകരെ ഭീതിയിലാഴ്ത്തുന്ന ചിത്രമായിരിക്കും നീലി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്‌തമായ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരുപാട് ഞെട്ടിക്കുന്ന രംഗങ്ങളുണ്ടെന്ന് ട്രെയ്‌ലറിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. എസ്രയിലെ പോലെ തന്നെ ക്യമാറ വർക്കുകളിലും ഗ്രാഫിക്സ് രംഗങ്ങളിലും ഏറെ മികവ് പുലർത്തിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മംമ്ത വർഷങ്ങൾക്ക് ശേഷമാണ് നായിക പ്രാധാന്യമുള്ള ഒരു വേഷം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായ ‘കള്ളിയങ്കാട്ടു നീലി’ എന്ന ടൈറ്റിലിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു ടൈറ്റിൽ തന്നെയാണ് സംവിധായകൻ ചിത്രത്തിന് നൽകിയിരിക്കുന്നത്.
നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. ശരത്താണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൺ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് നീലി കേരളത്തിൽ പ്രദർശനത്തിനെത്തും.