മമ്മൂട്ടിയെ നായകനാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. 20 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ ഭാഗമാവുന്നത്. 1998ൽ പുറത്തിറങ്ങിയ ‘റെയിൽവേ കൂലി’ എന്ന ചിത്രത്തിൽ പ്രഭു എന്ന കഥാപാത്രത്തെയാണ് താരം അവസാനമായി അവതരിപ്പിച്ചത്. തെലുങ്ക് സിനിമയിൽ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മമ്മൂട്ടി. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ‘യാത്ര’ അണിയിച്ചൊരുക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു ബയോപ്പിക്കിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്. 2000ൽ ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ ‘ബാബാ സഹാബ് അംബേദ്കർ’ എന്ന ചിത്രമാണ് താരം അവസാനമായി അഭിനയിച്ച ബയോപ്പിക്. മമ്മൂട്ടി എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘യാത്ര’. വൈ. എസ് ആറിന്റെ 1475 കിലോമീറ്റർ പദയാത്രയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ആദ്യ ടീസർ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒരു കാലത്ത് തെലുങ്ക് ജനതയ്ക്ക് വികാരമായിരുന്ന വൈ. എസ് ആറിനെ മമ്മൂട്ടിയിലൂടെ വീണ്ടും കാണാൻ സാധിച്ചു എന്നായിരുന്നു പ്രേക്ഷക പ്രതികരണം.
സിനിമ പ്രേമികളെ വീണ്ടും ആവേശത്തിലാഴ്ത്താൻ യാത്രയുടെ രണ്ടാമത്തെ ടീസർ സെപ്റ്റംബർ 2ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങും. ആദ്യ ടീസർ മമ്മൂട്ടിയുടെ വൈ. എസ്. ആർ എന്ന കഥാപാത്രത്തെ പരിചയപ്പെടുന്ന തരത്തിലായിരുന്നു അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. മമ്മൂട്ടിയുടെ വോയ്സ് മോഡുലേഷനും ഡയലോഗ് ഡെലിവറിയും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് തന്നെ വിശേഷിപ്പിക്കണം. രണ്ടാമത്തെ ടീസർ വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ പദയാത്രയെ കേന്ദ്രികരിച്ചായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടെ മകനായി തമിഴ് നടൻ കാർത്തിയാണ് ജഗൻ റെഡ്‌ഡി എന്ന വേഷം അവതരിപ്പിക്കുന്നത്. ഭൂമിക ചൗളയാണ് വൈ. എസ് ആറിന്റെ മകളായി വേഷമിടുന്നത്. പുലിമുരുകനിലെ പ്രതിനായകനായി വേഷമിട്ടിരുന്ന ജഗപതി ബാബുവാണ് മമ്മൂട്ടിയുടെ അച്ഛനായി പ്രത്യക്ഷപ്പെടുന്നത്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ ശ്രീകാർ പ്രസാദാണ് കൈകാര്യം ചെയ്യുന്നത്. 70എം.എം പിക്‌സ്‌ചേർസിന്റെ ബാനറിൽ വിജയ് ചില്ലയും ശാഷി ദേവിറെഡ്‌ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം പൊങ്കലിൽ ചിത്രം പ്രദർശനത്തിനെത്തും.