മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആദ്യ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ജനുവരി പത്തൊൻപതിനാണ് തീയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി ഈ ചിത്രം മികച്ച വിജയത്തിലേക്കെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിനും മമ്മൂട്ടിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. എങ്ങു നിന്നും നിന്നും മികച്ച അഭിപ്രായങ്ങൾ വന്നതോടെ ഈ ചിത്രത്തിന് തീയേറ്ററുകളിലും തിരക്കേറുകയാണ്. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം കേരളത്തിലെ നൂറിലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. മികച്ച ബുക്കിങ്ങും ഇപ്പോൾ ഇതിന് ലഭിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം തീയേറ്ററിൽ ഇറങ്ങിയാൽ എത്ര പേർ വന്നു കാണും എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ ജനപിന്തുണ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് അന്നും പ്രേക്ഷകരും നിരൂപകരും മികച്ച പിന്തുണയാണ് നൽകിയത്. എന്നാൽ അന്ന് ചിത്രത്തിന് ടിക്കറ്റ് ലഭിക്കാതെ പോയവർ, മേളയുടെ സമാപന ചടങ്ങിനിടയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ കൂവി വിളിച്ചിരുന്നു. അതിന് മറുപടിയായി, ഈ മമ്മൂട്ടി ചിത്രം തീയേറ്ററിൽ വരുമ്പോൾ കാണാൻ എത്രപേരുണ്ടാകുമെന്ന് നമ്മുക്ക് നോക്കാമെന്ന പരാമർശവും രഞ്ജിത് നടത്തി. ഏതായാലും ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാസ്റ്റർപീസ് കാണാൻ ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും വലിയ രീതിയിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ഈ ചിത്രം രചിച്ചത് എസ് ഹരീഷാണ്.