
മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വർഷങ്ങൾക്ക് ശേഷം ചരിത്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നു. ചിത്രത്തിൽ കർഷകനും സ്ത്രൈണതയാർന്ന കഥാപാത്രവും ഉൾപ്പടെ കരിയറിലെ ഏറ്റവും വ്യത്യസ്ത വേഷങ്ങളിൽ പ്രേക്ഷകന് മമ്മൂട്ടിയെ കാണാനാവും. തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. വർഷങ്ങളോളം അടൂർ ഗോപാലകൃഷ്ണന്റെ സഹപ്രവർത്തകനായി പ്രവർത്തിച്ചു പരിചയമുള്ള വ്യക്തികൂടിയാണ് സജീവ് പിള്ള. ചിത്രത്തിന്റെ ആദ്യ ഷെഡ്യുളിന് ശേഷം ഇപ്പോൾ രണ്ടാം ഘട്ട ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. ചിത്രത്തിനായി വമ്പൻ സെറ്റാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. ചരിത്ര കഥയായത് കൊണ്ട് തന്നെ ആക്ഷന് അതീവ പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് ചിത്രം ഒരുങ്ങുന്നതും.
https://www.instagram.com/p/BjUICtgFDEl/
ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങളുടെ പരിശീലന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കളരി പയറ്റ് മുതൽ പാർക്കർ വരെയുമുള്ള അഭ്യാസമുറകൾ ചിത്രത്തിൽ പരീക്ഷിക്കപ്പെടുന്നു. ക്രൊച്ചിങ് ടൈഗർ എന്ന സൂപ്പർ ഹിറ്റ് വിദേശ ആക്ഷൻ ചിത്രവും തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം വിശ്വരൂപവും ഒരുക്കിയ ജെയ്ക്ക് സ്റ്റണ്ട്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാകുമ്പോഴും മമ്മൂട്ടിയുടെ തകർപ്പൻ മാസ്സ് ആക്ഷൻ രംഗങ്ങളും അടങ്ങുന്ന ചിത്രമാകും മാമാങ്കം എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം. ഈച്ച, ബാഹുബലി സീരീസ് തുടങ്ങിയവയിൽ വി. എഫ്. എക്‌സ് കൈകാര്യം ചെയ്‌ത ആർ. സി. മലാക്കണ്ണൻ ആണ് ചിത്രത്തിന് വേണ്ടിയും വി. എഫ്. എക്‌സ് നിർവ്വഹിക്കുന്നത്. ഹോളീവുഡ് നിലവാരമുള്ള അണിയറപ്രവർത്തകരുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ ചിത്രം മികച്ച മലയാളികൾക്ക് പുത്തൻ അനുഭവമാകുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ..