മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ ബോക്സ് ഓഫിസ് ഓപ്പണിങ് ആണ് നേടിയെടുത്തിരിക്കുന്നതു. നാലു ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ആയി എത്തിയ ഈ ചിത്രം ആദ്യ ദിനം നേടി എടുത്തത് 23 കോടി രൂപയാണ് എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രത്തിന്റെ വിവിധ മാർക്കറ്റുകളിൽ ഉള്ള കളക്ഷൻ ബ്രേക്ക് അപ് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം പുറത്തു വിട്ട കണക്കു പ്രകാരം ഏറ്റവും വലിയ തുക ആദ്യ ദിനം വേൾഡ് വൈഡ് ഗ്രോസ് ആയി നേടിയ മലയാള ചിത്രം ആണ് മാമാങ്കം ഇപ്പോൾ. മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം നേടിയ 18+ കോടി എന്ന റെക്കോർഡ് ആണ് മാമാങ്കം തകർത്തത്.
കേരളത്തിൽ ഹൗസ്ഫുൾ ഷോയുമായി മുന്നേറുന്ന മാമാങ്കത്തിന് മറ്റു ഭാഷകളിലും മികച്ച പ്രതികരണം ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം, എന്തിരൻ 2, ഒടിയൻ, ലൂസിഫർ എന്നിവ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രവുമാണ്. കുറെയേറെ രാജ്യങ്ങളിൽ ഇന്ന് മുതൽ ആണ് ഈ ചിത്രം പ്രദർശനം ആരംഭിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.