തലമുറകളുടെ നായകൻ; മഹായാനവുമായി അച്ഛൻ, കണ്ണൂർ സ്ക്വാഡുമായി മക്കൾ; ഒരേയൊരു മമ്മൂട്ടി.

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് സൂപ്പർ വിജയം നേടി മുന്നേറുമ്പോൾ, റോബി വർഗീസ് രാജ് എന്ന ഒരു പുതിയ സംവിധായകനേയും കൂടി മലയാള സിനിമയ്ക്കു ലഭിച്ചിരിക്കുകയാണ്. റോബിയുടെ ഈ ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കിയത് റോബിയുടെ സഹോദരനും പ്രശസ്ത നടനുമായ റോണി ഡേവിഡ് രാജ് ആണ്. റോണിയും മുഹമ്മദ് റാഫിയും ചേർന്നാണ് ഈ റിയലിസ്റ്റിക് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ രചന നിർവഹിച്ചത്. മമ്മൂട്ടിയുടെ തന്നെ മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ അവിടെ അപൂർവമായ മറ്റൊരു വസ്തുതയും സംഭവിക്കുകയാണ്. റോണിയുടെയും റോബിയുടെയും അച്ഛൻ ആണ് 1989ഇൽ മമ്മൂട്ടിയെ നായകനാക്കി ‘മഹായാനം’ എന്ന ക്ലാസിക് ചിത്രം നിർമ്മിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ചന്ദ്രു എന്ന കഥാപാത്രമായുള്ള പ്രകടനം മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും നേടിക്കൊടുത്തു.

ഇപ്പോഴിതാ അത് കഴിഞ്ഞു 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മക്കൾ ഒരുമിച്ച് ചെയ്ത ആദ്യ ചിത്രത്തിലും നായകനായി മമ്മൂട്ടിയെത്തുകയും, ആ ചിത്രം മമ്മൂട്ടി നിർമ്മിക്കുകയും ചെയ്യുന്നു. കണ്ണൂർ സ്‌ക്വാഡ് വിജയമായി മാറുമ്പോൾ അതിലൂടെ നടക്കുന്നത് തലമുറകളുടെ സംഗമവും കൂടിയാണ്. തലമുറകളുടെ നായകൻ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കാൻ ഒരു കാരണം കൂടി നമ്മുക്ക് തരികയാണ് കണ്ണൂർ സ്‌ക്വാഡെന്ന ഈ ചിത്രം. അച്ഛനൊപ്പമുള്ള റോണിയുടെയും റോബിയുടേയും ചിത്രം പുറത്ത് വിട്ടു കൊണ്ട് മരുമകൾ അഞ്ജു മേരി പോൾ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഹായാനം എന്ന ചിത്രം അന്ന് സാമ്പത്തികമായി പരാജയപ്പെടുകയും സിനിമയിൽ നിന്ന് അച്ഛന് മാറി നിൽക്കേണ്ടി വരികയും ചെയ്തെന്നും, എന്നാൽ അദ്ദേഹത്തിന്റെ സിനിമാ സ്നേഹം മക്കളിലൂടെ പുതിയ തലമുറയിലേക്ക് എത്തിയപ്പോൾ, അതേ മമ്മൂട്ടിയുടെ ചിത്രത്തിലൂടെ അവർക്ക്‌ സിനിമയിൽ വിജയവും ലഭിച്ചെന്നും അഞ്ജു കുറിക്കുന്നു. ഇത്തരം നിമിഷങ്ങളിലാണ് ജീവിതത്തിൽ പൂർണ്ണത കൈവന്നെന്ന് തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close