
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് ഇന്നാണ് ആഗോള റിലീസായി എത്തിയത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന് വലിയ സ്വീകരണമാണ് അവർ നൽകിയതും. മുഹമ്മദ് റാഫി, നടൻ റോണി ഡേവിഡ് രാജ് എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ആവേശകരമായ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയി കഥ പറയുമ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്ന കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും ഒരുക്കി നൽകിക്കൊണ്ടാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. മമ്മൂട്ടിയുടെ വരവോടെ ആവേശത്തിലാവുന്ന ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരാദ്യ പകുതിയാണ് ഈ ചിത്രത്തിനുള്ളത്.
അത്യന്തം ഉദ്വേഗജനകമായ രീതിയിൽ മുന്നേറുന്ന ഈ ചിത്രത്തിന്റെ രണ്ടാം പകുതിയേ ആവേശത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഇന്റർവെൽ ഭാഗവും ഒരുക്കിയിരിക്കുന്നത്. സബ് ഇൻസ്‌പെക്ടർ ജോർജ് മാർട്ടിനായി തിളങ്ങുന്ന മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. അതുപോലെ ഈ ചിത്രത്തെ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം സുഷിൻ ശ്യാം ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്. ഒരിക്കൽ കൂടി ഗംഭീര പശ്‌ചാത്തല സംഗീതത്തിലൂടെ അദ്ദേഹം സിനിമയുടെ ലെവൽ മാറ്റിയിട്ടുണ്ട്. വിജയരാഘവൻ, കിഷോർ, സണ്ണി വെയ്ൻ. ശ്രീകുമാർ, ശരത് സഭ, ഷെബിൻ ബെൻസൺ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കണ്ണൂർ സ്‌ക്വാഡ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.