മലയാള സിനിമയുടെ നെടുംതൂണുകളായി 1980 കൾ മുതൽ നിലനിൽക്കുന്ന മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മലയാളികളുടെ രണ്ടു ഹൃദയങ്ങളാണ് ഇവർ. അൻപതിൽ അധികം സിനിമകൾ ഒരുമിച്ചഭിനയിച്ച ഇന്ത്യൻ സിനിമയിലെ ഒരേയൊരു താര ദ്വന്ദം എന്നിവരെ നമ്മുക്ക് വിശേഷിപ്പിക്കാം. മോഹൻലാലിന് മമ്മൂട്ടി തന്റെ ഇച്ചാക്ക ആണെങ്കിൽ മമ്മൂട്ടിക്ക് മോഹൻലാൽ തന്റെ സ്വന്തം ലാലുവാണ്. നാൽപതു വർഷത്തെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചു കൂടി മനസ്സ് തുറന്നു കൊണ്ട് തന്റെ ലാലുവിന് മമ്മുക്ക നേർന്ന അറുപതാം പിറന്നാൾ ആശംസകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മമ്മുക്കയുടെ വാക്കുകൾ ഇങ്ങനെ, ലാലിൻറെ ജന്മദിനമാണിന്നു. ഞങ്ങൾ തമ്മിൽ പരിചയമായിട്ടു ഇപ്പോൾ ഏതാണ്ട് മുപ്പത്തിയൊന്പത് വർഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്, ആ പരിചയം ദാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ എന്നെ വിളിക്കുന്നത് പോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്. ഇച്ചാക്ക എന്ന്. പലരും അങ്ങനെ വിളിക്കുമ്പോഴും, മറ്റുള്ളവർ ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രത്തോളം സന്തോഷം തോന്നാറില്ല. ലാലു വിളിക്കുമ്പോൾ ഒരു പ്രത്യക സുഖം തോന്നാറുണ്ട്. എന്റെ സഹോദരൻ വിളിക്കുന്നത് പോലെ ഒരു തോന്നൽ വരാറുണ്ട്.
സിനിമയിലൊരുകാലത്തു എനിക്കിപ്പോഴും ഓർമയുണ്ട്, നമ്മുക്ക് രണ്ടു പേർക്കും ഒരു പേരായിരുന്നു. ഒരു പേരെന്ന് പറഞ്ഞാൽ, രണ്ടു പേരുടെയും പേര് ചേർത്ത് ഒരു പേര്. നമ്മുക്ക് കൂടെ വന്ന ഒരുപാട് സുഹൃത്തുക്കൾ നമ്മുടെ കൂടെയുണ്ടായിരുന്നു. നമ്മുക്കൊപ്പം അഭിനയിച്ചവർ. ഇപ്പോഴും ഉണ്ട്, വിട്ടു പോയവരുമുണ്ട്. ഇങ്ങനെ തുടരുന്ന മമ്മൂട്ടിയുടെ വാക്കുകളിൽ അദ്ദേഹം പറയുന്നത് സിനിമയെന്ന പരീക്ഷയിൽ നമ്മുക്ക് രണ്ടു പേർക്ക് നല്ല മാർക്കുകൾ കിട്ടിയത് കൊണ്ടാണ് ഇന്നും നമ്മളെ പ്രേക്ഷകർ സ്നേഹിക്കുന്നതെന്നാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളും നേരിട്ട് കാണുമ്പോൾ അലിഞ്ഞില്ലാതായി പോയിട്ടുണ്ട്. തന്റെ മകന്റെയും മകളുടേയും വിവാഹത്തിന് ലാൽ കൂടിയത് സ്വന്തം വീട്ടിലെ ചടങ്ങു പോലെയാണെന്നും അപ്പുവിന്റെ ആദ്യ ചിത്രത്തിന് മുൻപ് ലാൽ അവനെയും കൊണ്ട് തന്റെ വീട്ടിലെത്തി അനുഗ്രഹം തേടിയത് ഓർക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു. സിനിമാ നടൻമാർ എന്നതിനപ്പുറം വളർന്നതാണ് തങ്ങളുടെ സൗഹൃദമെന്നും അത് തങ്ങളുടെ യാത്രയിൽ ഒരിക്കലും മറക്കാനാവാത്ത കാര്യമാണെന്നും മമ്മൂട്ടി പറയുന്നു. ഇനിയുള്ള കാലവും നമുക്കൊരുമിച്ചു ഒരു പുഴ പോലെ യാത്ര തുടരാമെന്നും തങ്ങളുടെ ജീവിതങ്ങൾ ഇനിയുള്ള തലമുറയ്ക്ക് അനുഭവിച്ചറിയാനുള്ള പാഠങ്ങൾ ആവട്ടെ എന്നും പറഞ്ഞു കൊണ്ട് മമ്മൂട്ടി മോഹൻലാലിന് ആശംസകൾ അറിയിക്കുന്നു. മലയാളത്തിന്റെ അത്ഭുത കലാകാരൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടും, മലയാള സിനിമ കണ്ട മഹാനായ നടനെന്ന് പറഞ്ഞു കൊണ്ടുമാണ് മമ്മൂട്ടി തന്റെ വാക്കുകൾ നിർത്തുന്നത്.