മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എസ് എൻ സ്വാമി രചിച്ചു സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം മെയ് ഒന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5, ദി ബ്രെയിൻ. ഇപ്പോഴിതാ മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യർ എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കു വെക്കുകയാണ് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും രചയിതാവ് എസ് എൻ സ്വാമിയും. മാതുഭൂമിയോടാണ് അവർ മനസ്സ് തുറന്നതു. ഒരു പോലീസ് കഥയുമായി 1989 ഇൽ മമ്മൂട്ടിയെ സമീപിച്ചപ്പോൾ സ്ഥിരം പോലീസ് അന്വേഷണത്തിൽ നിന്നുമാറി, ഇത്തവണ ഉദ്യോഗസ്ഥനൊരു സി.ബി.ഐ. ഓഫീസറാകട്ടെ എന്നാദ്യമായി പറഞ്ഞത് മമ്മൂട്ടിയാണ് എന്ന് എസ് എൻ സ്വാമി പറയുന്നു.
കഥാപാത്രത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചപ്പോൾത്തന്നെ മമ്മൂട്ടി കൈ പിറകിൽകെട്ടിയുള്ള സേതുരാമയ്യരുടെ നടത്തം അവതരിപ്പിച്ചു എന്നും അക്കാലത്ത് വാർത്തകളിൽ ഇടംനേടിയ പോളക്കുളം കേസ് അന്വേഷിച്ച പ്രശസ്ത സി.ബി.ഐ. ഉദ്യോഗസ്ഥൻ വർഗീസ് പി. തോമസിന്റെ നടത്തമാണ് അയ്യർ ഏറ്റെടുത്തത് എന്നും സ്വാമി ഓർത്തെടുക്കുന്നു. ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെയാണ് സ്വർഗ്ഗചിത്ര എന്ന ബാനർ തിരിച്ചു വരുന്നത്. മുൻപൊരു സിനിമ പ്രഖ്യാപിച്ചപ്പോഴും ലഭിക്കാത്തത്ര ഫോൺവിളികളും അന്വേഷണങ്ങളുമാണ് സി.ബി.ഐ. അഞ്ചാം ഭാഗത്തിന്റെ വിവരങ്ങൾ തിരക്കി സ്വർഗചിത്രയിലേക്കു എത്തിയത് എന്നാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നത്. ആദ്യ നാലുഭാഗങ്ങൾ ഒരുക്കിയതിനെക്കാൾ സമയവും വെട്ടിത്തിരുത്തലുകളും നടത്തിയാണ് ഈ വരുന്ന അഞ്ചാംഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതെന്നാണ് എസ് എൻ സ്വാമി പറയുന്നത്.