കേരളാ മുഖ്യമന്ത്രി ആയി മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം വൺ ഇപ്പോൾ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ആണ്. ഒരു പൊളിറ്റിക്കൽ ഡ്രാമ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ് തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്നുണ്ട്.
വർഷങ്ങളായി രാഷ്ട്രീയത്തിൽ നിന്ന്, ഒട്ടേറെ പദവികൾ വഹിച്ചു അവസാനം കേരളാ മുഖ്യമന്ത്രി ആയ വ്യക്തിയാണ് മമ്മൂട്ടി കഥാപാത്രം ആയ കടക്കൽ ചന്ദ്രൻ. ഒരു മുഖ്യമന്ത്രി യഥാർത്ഥത്തിൽ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചു തരുന്ന ചിത്രമായിരിക്കും വൺ. രാഷ്ട്രീയ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത് എങ്കിലും മികച്ച ഒരു കുടുംബ പശ്ചാത്തലവും ഈ ചിത്രത്തിന് ഉണ്ടെന്നു അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നു. ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത നടി അഹാന കൃഷ്ണയുടെ അനുജത്തി ആയ ഇസ്ഹാനി കൃഷ്നയും അഭിനയിക്കുന്നു.
ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷമാണ് പ്രദർശനത്തിന് എത്തുക. ഒരുപാട് വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ മമ്മൂട്ടി മന്ത്രിയുടെ വേഷത്തിൽ എത്തിയിട്ടുണ്ട്. കുറെ വർഷങ്ങൾക്കു ശേഷമാണു മലയാളത്തിലെ ഒരു മുൻനിര താരം ഒരു പക്കാ പൊളിറ്റിക്കൽ ഡ്രാമയിലെ നായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.