മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. പഴശ്ശി രാജ എന്ന വമ്പൻ ചിത്രത്തിന് ശേഷം മമ്മൂട്ടി- ഹരിഹരൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രം ആയിരിക്കുമിതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു.
മമ്മൂട്ടി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ നായകന്മാരായി എത്തുമ്പോൾ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. 150 ദിവസത്തോളം ഷൂട്ടിംഗ് പ്രതീക്ഷിക്കുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെ മാത്രമേ പൂർത്തിയാവു എന്നാണ് വാർത്തകൾ പറയുന്നത്.
ഈ ചിത്രത്തിന് ശേഷം ആയിരിക്കും മമ്മൂട്ടി- ഹരിഹരൻ ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇത് കൂടാതെ അജയ് വാസുദേവ്, ഷാജി പാടൂർ, രഞ്ജൻ പ്രമോദ് എന്നിവരുടെ ചിത്രത്തിലും മമ്മൂട്ടി വേഷമിട്ടേക്കാം എന്ന വാർത്തകൾ വരുന്നുണ്ട്.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ 2018 ഉൾപ്പെടെ നിർമ്മിച്ച കാവ്യാ ഫിലിം കമ്പനിയുടെ അവസാനത്തെ റിലീസ് അർജുൻ അശോകൻ നായകന്വയ ആനന്ദ് ശ്രീബാല ആയിരുന്നു. ആസിഫ് അലി നായകനായ ജോഫിൻ ടി ചാക്കോ ചിത്രം രേഖാചിത്രമാണ് കാവ്യാ ഫിലിം കമ്പനിയുടെ അടുത്ത റിലീസ്. ചിത്രം ജനുവരി ഒൻപതിന് എത്തും.