മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം എഴുപതു വയസ്സും പൂർത്തിയായ അദ്ദേഹം ഇപ്പോഴും സിനിമാ തിരക്കുകളുമായി ഓട്ടത്തിൽ തന്നെയാണ്. ഇത്രയും വർഷം നീണ്ട കരിയറിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ അഭിനയിച്ച അദ്ദേഹം അംബേദ്‌കർ എന്ന ചിത്രത്തിൽ ഇംഗ്ലീഷ് ആണ് ഉപയോഗിച്ചത്. ഇപ്പോഴിതാ തന്റെ കരിയറിൽ ആദ്യമായി ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി എന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിന്റെ ചർച്ചകൾ ഇപ്പോൾ നടക്കുകയാണ് എന്ന് ഈ ചിത്രമൊരുക്കാൻ പ്ലാൻ ചെയ്യുന്ന സംവിധായകൻ ടി കെ രാജീവ് കുമാർ ആണ് വെളിപ്പെടുത്തിയത്. മാഹി പോലൊരു സ്ഥലത്തു നിന്നും വിദേശത്തു പോയി, അവിടെ സ്ഥിര താമസമാക്കിയ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കായി പ്ലാൻ ചെയ്യുന്നത് എന്നും ടി കെ രാജീവ് കുമാർ പറയുന്നു.
ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ഒരു ഹോളിവുഡ് അഭിനേത്രി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ, ഇന്ന് ലോകത്തു ഇന്ത്യ ഒഴികെ ബാക്കി എല്ലായിടത്തും നിലനിൽക്കുന്ന വളരെ പ്രധാനമായ ഒരു വിഷയത്തെ ആസ്പദമാക്കി ആണ് ഈ ചിത്രം ഒരുക്കുക എന്നും അദ്ദേഹം അറിയിച്ചു. ചർച്ചകൾ നടക്കുന്നതെ ഉള്ളു എന്നും ഔദ്യോഗികമായി ഈ ചിത്രം പ്രഖ്യാപിക്കാനുള്ള സമയം ആയിട്ടില്ല എന്ന റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. മഹാനഗരം എന്ന മമ്മൂട്ടി ചിത്രം പണ്ട് ഒരുക്കിയിട്ടുള്ള ടി കെ രാജീവ് കുമാറിന്റേതായി ഇനി പുറത്തു വരാൻ ഉള്ളത് കോളാമ്പി എന്ന ചിത്രവും അതുപോലെ ഷെയിൻ നിഗം നായകനായ ബർമുഡ എന്ന ചിത്രവുമാണ്.