മലയാള സിനിമാ പ്രേമികൾക്കും മമ്മൂട്ടി ആരാധകർക്കും ആശങ്കയുണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കോവിഡ് സ്ഥിതീകരിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ചെങ്കിലും തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതോടെ അദ്ദേഹം ചെയ്തു കൊണ്ടിരുന്ന സിബിഐ അഞ്ചാം പതിപ്പിന്റെ ചിത്രീകരണം നിർത്തി വെച്ചു. ഇനി രണ്ടാഴ്ചക്കു ശേഷം ചിത്രീകരണം ആരംഭിക്കാൻ ആണ് പ്ലാൻ എന്നാണ് അറിയുന്നത്.ഇന്നലെ രാത്രി അടച്ചിട്ട എ സി ഫ്ലോറിൽ ആയിരുന്നു മമ്മൂട്ടി എന്നും ഇന്ന് രാവിലെ മുതലാണ് അദ്ദേഹത്തിന് തൊണ്ട വേദന ആരംഭിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അപ്പോൾ തന്നെ പോയി ടെസ്റ്റ് ചെയ്യുകയും അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു.
ബയോ ബബിൾ ഒരുക്കിയാണ് ചിത്രീകരണം നടത്തിയതെങ്കിലും അതിലേക്കും കോവിഡ് പടർന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതോടെ ഇനി അത് കൂടുതൽ സിനിമകളുടെ ചിത്രീകരണത്തെയും ബാധിക്കും എന്നാണ് സൂചന. മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്യുന്ന ബാരോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇപ്പോൾ നടക്കുകയാണ്. അതോടൊപ്പം ദുൽകർ നായകനായ സല്യൂട്ട്, ടോവിനോ തോമസ് നായകനായ നാരദൻ എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റുകയും ചെയ്തു. മോഹൻലാൽ നായകനായ ആറാട്ട്, മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്നിവ ഫെബ്രുവരി റിലീസ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എങ്കിലും അതും മാറ്റി വെക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ. ഇപ്പോൾ ചിത്രീകരണം നിർത്തിവെച്ച സിബിഐ അഞ്ചാം പതിപ്പ് ഒരുക്കുന്നത് കെ മധു ആണ്.