![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/03/mammootty-speaks-about-his-scene-with-jagathy-sreekumar-in-cbi-5.jpg?fit=1024%2C592&ssl=1)
എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായ സിബിഐ 5 ന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഈ ചിത്രത്തിലെ തന്റെ ഭാഗം അദ്ദേഹം പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ജഗതി ശ്രീകുമാർ വർഷങ്ങൾക്കു ശേഷം ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു എന്ന വാർത്തയാണ്. ഒൻപതു വർഷം മുൻപ് നടന്ന ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ അതിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. സിബിഐ സീരിസിൽ ഇതിനു മുൻപുള്ള നാലു ഭാഗത്തിലും അദ്ദേഹം അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായി ആണ് ജഗതി ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ജഗതിക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മമ്മൂട്ടി പറയുന്നത് ഏറെ ശ്രദ്ധ നേടുകയാണ്.
ജഗതിക്കൊപ്പമുള്ള ഇതിലെ രംഗത്തെ കുറിച്ച് മമ്മൂട്ടി പറയുന്നത്, അതൊരു മധുരമുള്ള അനുഭവം ആയിരുന്നു എന്നാണ്. എന്നാൽ അതോടൊപ്പം നമ്മുക്ക് വിഷമവും ഉണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന് ഇനിയും ഒരുപാട് അഭിനയിക്കണം എന്നാഗ്രഹം ഉണ്ടെന്നും പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അത് സാധിക്കില്ലല്ലോ എന്നും മമ്മൂട്ടി പറയുന്നു. ഇതിലെ ജഗതിക്കൊപ്പമുള്ള രംഗം പ്രേക്ഷകർ സിനിമ കഴിഞ്ഞാലും ഓർത്തിരിക്കുന്ന ഒന്നായിരിക്കും എന്നാണ് മമ്മൂട്ടി പറയുന്നത്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവരെ കൂടാതെ രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, കനിഹ, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.