22 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു..!

Advertisement

മലയാള സിനിമാ പ്രേമികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. 1980 കളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇപ്പോഴും വിജയകരമായി തന്നെയാണ് മുന്നോട്ടു പോകുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാൻ പ്രകാശൻ ആണ് അദ്ദേഹം സംവിധാനം ചെയ്ത് അവസാനം പുറത്തു വന്ന ചിത്രം. കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി ആ ചിത്രം മാറുകയും ചെയ്തു. ഏറെ വർഷങ്ങൾക്കു ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാടിനു വേണ്ടി തിരക്കഥ രചിച്ച ചിത്രം ആയിരുന്നു ഞാൻ പ്രകാശൻ. അതുപോലെ ഇപ്പോഴിതാ നീണ്ട 22 വർഷങ്ങൾക്ക് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിൽ ആണ് സത്യൻ അന്തിക്കാട്.

1997 ഇൽ റീലീസ് ചെയ്ത ഒരാൾ മാത്രം എന്ന ചിത്രമാണ് സത്യൻ അന്തിക്കാട്- മമ്മൂട്ടി ടീം ഒന്നിച്ച അവസാന ചിത്രം. മോഹൻലാൽ, ജയറാം എന്നിവരാണ് ഏറ്റവും കൂടുതൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നായക വേഷം ചെയ്തിട്ടുള്ളത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അർത്ഥം, കളിക്കളം, കനൽക്കാറ്റ്, നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, ഗോളാന്തര വാർത്തകൾ, ഒരാൾ മാത്രം എന്നീ 8 ചിത്രങ്ങൾ ആണ് സത്യൻ അന്തിക്കാട്- മമ്മൂട്ടി ടീമിൽ നിന്ന് നമ്മുക്ക് ലഭിച്ചിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ അതിഥി താരം ആയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

Advertisement

ഇപ്പോൾ സത്യൻ അന്തിക്കാട്- മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ്. ഇതിനു മുൻപ് ഫഹദ് നായകനായ ഒരു ഇന്ത്യൻ പ്രണയ കഥ, ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്നിവയാണ് സത്യൻ അന്തിക്കാടിനു വേണ്ടി ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചിച്ച ചിത്രങ്ങൾ. ഉടനെ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്ന് കരുതുന്ന മമ്മൂട്ടി- സത്യൻ അന്തിക്കാട് ചിത്രം അടുത്ത വർഷം വിഷുവിന് തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. സെൻട്രൽ പിക്ചേഴ്‌സ് ആയിരിക്കും ഈ സത്യൻ അന്തിക്കാട് ചിത്രം നിർമിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close