മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായ മമ്മൂട്ടി ഇതിനോടകം നാനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. നാൽപ്പതിലധികം വർഷങ്ങളായി മലയാളത്തിൽ സജീവമായി നിൽ നിൽക്കുന്ന മമ്മൂട്ടി, ഒരു നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമയിൽ സംഭാവന നൽകിയിട്ടുണ്ട്. ഇനി എന്നാണ് സംവിധായകനാവുന്നത് എന്ന ചോദ്യത്തിന് മമ്മൂട്ടി നൽകുന്ന ഉത്തരം താൻ ആ കാര്യം ആലോചിക്കുന്നില്ല എന്നാണ്. ഒരു പത്തിരുപതു കൊല്ലം മുൻപ് അങ്ങനെ ഒരാഗ്രഹം തോന്നിയിരുന്നു എന്നും ഇപ്പോഴതില്ല എന്നും മമ്മൂട്ടി പറയുന്നു. നമ്മുക്ക് ഒരുപാട് മികച്ച സംവിധായകർ ഉണ്ടെന്നും രാവിലെ തന്നെ അവരുടെ മുന്നിൽ പോയി ഒരു നടനെന്ന നിലയിൽ നിന്നാൽ പോരെ എന്നും മമ്മൂട്ടി ചോദിക്കുന്നു. മാത്രമല്ല, താൻ ഒരു സിനിമ സംവിധാനം ചെയ്യണമെങ്കിൽ തനിക്കു എന്തെങ്കിലും പ്രത്യേകമായി പറയാൻ ഉണ്ടാവണമെന്നും അങ്ങനെയൊന്നും തനിക്കു പറയാൻ ഇല്ലെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നു. ഇത്രയും വർഷം സിനിമയിൽ അഭിനയിച്ചു എന്നത് കൊണ്ട് സംവിധാനം ചെയ്യണമെന്ന് നിർബന്ധമില്ല എന്നും മമ്മൂട്ടി പറഞ്ഞു.
മലയാളത്തിലെ മറ്റൊരു സൂപ്പർ താരമായ മോഹൻലാലും ഇപ്പോൾ സിനിമയിൽ വന്നിട്ട് നാല്പതിലധികം വർഷങ്ങളായി. അദ്ദേഹം അടുത്ത വർഷം തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ബാറോസ് എന്ന പേരിൽ ഫാന്റസി ത്രീഡി ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്നത്. മലയാളത്തിലെ മറ്റൊരു താരമായ ദിലീപ് സഹസംവിധായകനായി രംഗത്ത് വന്ന താരമാണ്. എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്തേക്കാമെന്നു അദ്ദേഹവും സൂചിപ്പിച്ചിട്ടുണ്ട്. ഏതായാലും ഇവർക്കൊക്കെ മുൻപ് മലയാളത്തിലെ യുവ താരമായ പൃഥ്വിരാജ് സുകുമാരൻ ഒരു ചിത്രം സംവിധാനം ചെയ്യുകയും വമ്പൻ വിജയം നേടുകയും ചെയ്തു. മോഹൻലാൽ നായകനായ ലൂസിഫറാണ് പൃഥ്വിരാജ് ഒരുക്കിയ ചിത്രം.