യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഹരിഹരൻ. മലയാളത്തിലെ നവോത്ഥാനത്തിന് തിരികൊഴുത്തിയ ഹാസ്യസാഹിത്യകാരന്‍ എന്ന വിശേഷണമുള്ള കലക്കത്തു കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥയാണ് ഹരിഹരൻ സിനിമയാക്കുന്നത്. കുഞ്ചൻ നമ്പ്യാർ ആയി പൃഥ്വിരാജ് സുകുമാരൻ എത്തുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടി മാർത്താണ്ഡ വർമ്മയായി അതിഥി വേഷത്തിലാണ് എത്തുന്നത്. ഈ കഴിഞ്ഞ ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ ഈ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ വെച്ച് നടത്താൻ നിശ്ചയിച്ചിരിക്കെയാണ് കോവിഡ് 19 മൂലം ഇന്ത്യ ലോക്ക് ഡൗണിലായതും സിനിമാ വ്യവസായം തന്നെ പൂർണ്ണമായും നിശ്ചലമായതും. ഗോകുലം ഗോപാലൻ നിർമ്മിക്കാനിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് കെ.ജയകുമാര്‍ ആണ്. വർഷങ്ങൾക്കു മുൻപ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ ജയരാജ് കുഞ്ചന്‍ നമ്പ്യാര്‍ സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ആ പ്രൊജക്റ്റ് അന്ന് നടന്നില്ല.
ഇളയരാജ, റസൂല്‍ പൂക്കുട്ടി എന്നിവര്‍ കുഞ്ചൻ നമ്പ്യാർ എന്ന ചിത്രത്തിന്റെ അണിയറയിലുണ്ടാകുമന്നാണ് ഹരിഹരൻ കഴിഞ്ഞ വർഷം ഒരു മാധ്യമ അഭിമുഖത്തിൽ സൂചിപ്പിച്ചതു. മാത്തൂര്‍ പണിക്കര്‍, ദ്രോണമ്പള്ളി നായക്കര്‍ എന്നീ പ്രധാന കഥാപാത്രങ്ങളായും മലയാളത്തിലെ മുൻനിര താരങ്ങൾ എത്തുമെന്നാണ് സൂചന. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി സ്യമന്തകം എന്ന ബിഗ് ബജറ്റ് ചിത്രം ഹരിഹരൻ പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് നടക്കാതെ പോയി. സ്യമന്തകം മോഷ്ടിക്കപ്പെട്ടതില്‍ ശ്രീകൃഷ്ണന്‍ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയിലൂടെ ആവിഷ്കരിക്കാൻ ഹരിഹരൻ പ്ലാൻ ചെയ്തത്. വൺവേ ടിക്കറ്റ്, പോക്കിരി രാജ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും മുൻപ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതുപോലെ മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിലും പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.