മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രം തീയേറ്ററിൽ എത്തുമോ ഒടിടിയിൽ പോകുമോ എന്നുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടുമില്ല. നൂറു കോടിയോളം മുതൽ മുടക്കിൽ എടുത്ത ആ ചിത്രം ഇന്നത്തെ സാഹചര്യത്തിൽ തീയേറ്ററിൽ കളിച്ചാൽ നഷ്ടം വരുമെന്നും അതുകൊണ്ടാണ് നഷ്ടം വരാത്ത ഒടിടി സാദ്ധ്യതകൾ പരിഗണിക്കുന്നതെന്നു നിർമ്മാതാവ് പറയുമ്പോൾ നിർമ്മാതാവ് റിസ്ക് എടുത്തും ഈ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യണം എന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. ആ സാഹചര്യത്തിൽ ആണ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമായ കുറുപ്പ് തീയേറ്ററിൽ എത്തുന്നതിനുള്ള കാരണം ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നത്. 30 കോടിയോളം മുതൽ മുടക്കുള്ള ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. ദുൽഖർ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഒടിടി റിലീസ് ആയി ഏകദേശം തീരുമാനിച്ച ചിത്രമായിരുന്നു കുറുപ്പ്. പിന്നീട് അതിൽ നിന്ന് പിൻവാങ്ങി കൊണ്ടാണ് ഈ ചിത്രം തീയേറ്ററിൽ എത്തുന്നത്.
ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് 40 കോടിയാണ് കുറുപ്പിന് നല്കാൻ തയ്യാറായത് എന്നും, പക്ഷെ മമ്മൂട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് കുറുപ്പ് തിയേറ്ററിലെത്തുന്നത് എന്നും വിജയകുമാർ പറയുന്നു. കേരളത്തിലെ തീയേറ്ററുകള്‍ക്ക് വേണ്ടി ഒരു നടനെന്ന നിലയില്‍ കുറുപ്പ് തിയേറ്ററിലെത്തിക്കാന്‍ മമ്മൂട്ടി താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് വിജയകുമാർ അവകാശപ്പെടുന്നത്. തിയേറ്റര്‍ റിലീസിനായി കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ ഒരു നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഒടിടി ഓഫർ തുകയെ കുറിച്ചൊന്നും ഔദ്യോഗികമായി ഇതുവരെ കുറുപ്പിന്റെ നിർമ്മാതാക്കൾ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.