മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ചിത്രത്തിന്റെ ഭാഗമായി ദുൽഖർ സൽമാനും

Advertisement

അന്താരാഷ്ട്ര വനിതാ ദിനത്തിൽ മലയാള സിനിമാ ലോകത്ത് തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നു. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെക്കുറിച്ച് നടി പാർവതി തിരുവോത്ത് നടത്തിയ വിമർശനം കേരളത്തിൽ വലിയ വിവാദമായ വിഷയമാണ്. നാളുകൾ നീണ്ടുനിന്ന അഭിവാദന വിഷയത്തിന് പരിസമാപ്തി ആയെങ്കിലും ഇരു താരങ്ങൾക്കിടയിലും വലിയ വിരോധം നിലനിൽക്കുന്നു എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ആരാധകരെയും ആശ്ചര്യപ്പെടുത്തി കൊണ്ടാണ് മമ്മൂട്ടിയും പാർവതി തിരുവോത്ത് ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം എത്തിയത്. പ്രേക്ഷകർക്ക് കൗതുകവും ആവേശവും ഉളവാക്കുന്ന നിരവധി പ്രത്യേകതകൾ ഈ ചിത്രത്തിനുണ്ട്. നടൻ ദുൽഖർ സൽമാനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. പുഴു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീനയാണ്. ഇതാദ്യമായിട്ടാണ് മമ്മൂട്ടി ഒരു വനിത സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്.

Advertisement

പാർവ്വതി നായികയായി എത്തിയ ഉയരെ എന്ന ചിത്രത്തിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു റത്തീന. മമ്മൂട്ടിയുടെ സന്തതസഹചാരിയായി മലയാളികൾക്ക് സുപരിചിതനായ എസ്.ജോർജ് ആണ് സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ പുഴു നിർമ്മിക്കുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേ ഫെറർ ഈ ചിത്രത്തിന്റെ സഹ നിർമ്മാണത്തിൽ പങ്കുചേരുന്നു. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി ദുൽഖർ സൽമാൻ നിർമാണം നിർവഹിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ വിതരണം നടത്തുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഹർഷാദും വൈറസ് എന്ന ചിത്രത്തിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്. പേരൻപ് എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ച തേനി ഈശ്വർ ആണ് ഈ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ദീപു ജോസഫ് ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ അഭിനയിച്ച അതിനു ശേഷമാവും മമ്മൂട്ടി പുഴുവിൽ അഭിനയിക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close