ലളിതമായ കഥയും പിഷാരടിയുടെ കഠിന പ്രയത്നവും; ഗാനഗന്ധർവ്വനെ കുറിച്ച് മനസ്സു തുറന്നു മമ്മൂട്ടി..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഹാസ്യ താരം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രം വരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായികാ വേഷത്തിൽ എത്തുന്നത്. രമേഷ് പിഷാരടിയും ഹരി. പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നായകൻ മമ്മൂട്ടി മനസ്സ്‌ തുറക്കുകയാണ്. വളരെ ലളിതമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അതുപോലെ ആ കഥ അവതരിപ്പിച്ചിരിക്കുന്നതും വളരെ ലളിതമായി ആണെന്നും മമ്മൂട്ടി പറയുന്നു.

രമേഷ് പിഷാരടി എന്ന സംവിധായകന്റെ കഠിന പ്രയത്നം ഈ ചിത്രത്തിന് പുറകിൽ ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വളരെ സൗഹൃദപരമായ അന്തരീക്ഷത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ഇത്തരം വേഷങ്ങൾ തനിക്ക് വളരെ അപൂർവമായാണ് ലഭിക്കുന്നത് എന്നും മമ്മൂട്ടി വിശദീകരിക്കുന്നു. തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച ഇതിന്റെ ലാളിത്യം ആവും പ്രേക്ഷകരെയും ആകർഷിക്കുക എന്നും മമ്മൂട്ടി പറയുന്നു. എന്നാൽ സിനിമ കാണാനും കാണാതിരിക്കാനും ഇഷ്ടപെടാനും ഇഷ്ടപ്പെടാതിരിക്കാനും ഉള്ള സ്വാതന്ത്യം പ്രേക്ഷകർക്ക് ഉണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മമ്മൂട്ടിയോടൊപ്പം മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ്. കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close