കേരളാ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ

Advertisement

കേരളാ സംസഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത്‌ കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വരികയാണ്. ഇപ്പോഴിതാ, ഈ ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തു എന്ന വാർത്തയാണ് വരുന്നത്. അതിലൊന്ന് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കവും മറ്റൊന്ന് കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ അറിയിപ്പെന്ന ചിത്രവുമാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രങ്ങൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചതിന് ശേഷമാവും ഒടിടിയിൽ സ്ട്രീം ചെയ്യുക എന്നാണ് വാർത്തകൾ പറയുന്നത്. മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പ് വിദേശ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിരുന്നു. ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യാൻ പോകുന്നതെന്നാണ് സൂചന.

മമ്മൂട്ടി- ലിജോ ടീമിന്റെ നൻ പകൽ നേരത്ത് മയക്കം കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആവും പ്രീമിയർ ചെയ്യുക. എസ് ഹരീഷ് രചിച്ച ഈ ചിത്രം മമ്മൂട്ടി കമ്പനി എന്ന തന്റെ പുതിയ നിർമ്മാണ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ആദ്യത്തെ ചിത്രവുമാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, രണ്ട് ടീസറുകൾ എന്നിവ റിലീസ് ചെയ്യുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം അശോകൻ, രമ്യ പാണ്ട്യൻ, കൈനകരി തങ്കരാജ്, രാജേഷ് ശർമ്മ, കോട്ടയം രമേശ്, ബിറ്റോ ഡേവിസ്, ടി സുരേഷ് ബാബു, ചേതൻ ജയലാൽ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ഈ ചിത്രത്തിൽ പകൽ സമയത്തു സൈക്കിൾ മെക്കാനിക്കും രാത്രി സമയത്തു മോഷ്ടാവുമായി ജീവിക്കുന്ന വേലൻ അഥവാ നകുലൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയവതരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close