ദുൽഖർ സൽമാനെ നേരിടാൻ മമ്മൂട്ടി; ആ ബോക്സ് ഓഫിസ് പോരാട്ടം ഉണ്ടാകുമോ..?

Advertisement

മലയാള സിനിമയിലെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുൽഖർ സൽമാനും ഇതുവരെ ഒരു ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിട്ടില്ല. അതുപോലെ തന്നെ ഇരുവരും നായകന്മാരായി എത്തിയ ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്തിട്ടുമില്ല. ഒരു താരം എന്ന നിലയിൽ ഇന്ന് മലയാളത്തിൽ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്താൻ ദുൽഖർ സൽമാന് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, ആദ്യമായി ബോക്സ് ഓഫീസിൽ മമ്മൂട്ടി- ദുൽഖർ പോരാട്ടം വരാൻ പോവുകയാണ് എന്ന വാർത്തയാണ് വരുന്നത്. അനൗദ്യോഗികമായ റിപ്പോർട്ടുകൾ പ്രകാരം ആദ്യമായി ഒരു മമ്മൂട്ടി ചിത്രവും ദുൽഖർ ചിത്രവും ഒരേ ദിവസം റിലീസ് ചെയ്യാൻ പോവുകയാണ്. മാർച്ച് മൂന്നിന് ആയിരിക്കും അത് സംഭവിക്കുക എന്നും വാർത്തകൾ പറയുന്നു. ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രമായ ഹേ സിനാമിക ഫെബ്രുവരി ഇരുപത്തിനാലിനു ആണ് റിലീസ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും, അന്നേ ദിവസം തന്നെ തല അജിത് ചിത്രമായ വലിമൈ റിലീസ് ചെയ്യുന്നത് കൊണ്ട് ഹേ സിനാമിക മാർച്ച് മൂന്നിലേക്കു മാറ്റും എന്നാണ് സൂചന.

അതുപോലെ തന്നെ, മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ മലയാള ചിത്രം ഭീഷ്മ പർവവും ഫെബ്രുവരി അവസാന വാരം റിലീസ് പ്രഖ്യാപിച്ച ചിത്രമാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം അതിനു മുൻപ് റിലീസ് ചെയ്യണ്ട ചിത്രങ്ങളുടെ റിലീസ് മാറിയതോടെ ഭീഷ്മ പർവവും റിലീസ് മാറ്റുകയാണ് എന്ന വാർത്തയാണ് വരുന്നത്. മാർച്ച് മൂന്ന് അല്ലെങ്കിൽ മാർച്ച് പതിനൊന്നു എന്നീ തീയതികൾ ആണ് അവർ നോക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് മൂന്നിന് ആണ് റിലീസ് എങ്കിൽ ദുൽഖർ ചിത്രവുമായി ഒരു ക്ലാഷ് ഉണ്ടാകുമെന്നും അങ്ങനെ ആരാധകർ കാത്തിരുന്ന ഒരു ബോക്സ് ഓഫിസ് പോരാട്ടം അന്ന് സംഭവിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നമ്മളോട് പറയുന്നത്. ഏതായാലും രണ്ടു ചിത്രങ്ങളും ഒഫീഷ്യൽ ആയി റിലീസ് തീയതി പ്രഖ്യാപിക്കാതെ ഈ പോരാട്ടം സംഭവിക്കുമോ എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close