മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് ഈ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആണ്. വളരെ പ്രൗഡ ഗംഭീരമായ രീതിയിൽ നടന്ന ആ ചടങ്ങിൽ ചിത്രത്തിന്റെ താര നിരയും അണിയറ പ്രവർത്തകരും പങ്കെടുത്തു. അവരോടൊപ്പം പ്രശസ്ത നടനായ ടോവിനോ തോമസ്, നടി സംയുക്ത മേനോൻ, പ്രശസ്ത സംവിധായകൻ ഹരിഹരൻ എന്നിവരും ഈ ചടങ്ങിന്റെ ഭാഗമായി. ഒരു വടക്കൻ വീരഗാഥ എന്ന ഹരിഹരൻ- മമ്മൂട്ടി ചിത്രത്തിൽ സംവിധാന സഹായി ആയാണ് മാമാങ്കത്തിന്റെ സംവിധായകൻ എം പദ്മകുമാർ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത്കൊണ്ട് തന്നെ പദ്മകുമാറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്ന ആ വേദിയിൽ വെച്ചു ഹരിഹരൻ സാറിനെ അവർ ആദരിക്കുകയും ചെയ്തു.
അവിടെ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ വാക്കുകൾ ഏറെ ശ്രദ്ധയാകർഷിക്കുന്നവ ആയിരുന്നു. മലയാള സിനിമയിലും വലിയ ചിത്രങ്ങൾ ഉണ്ടാവുകയാണെന്നും മാമാങ്കം പോലെയുള്ള ചിത്രങ്ങൾ മത്സരിക്കുന്നത് ലോക സിനിമയോട് ആണെന്നും അദ്ദേഹം പറയുന്നു. ബഡ്ജറ്റ് കൊണ്ടോ മാർക്കറ്റ് കൊണ്ടോ നമ്മുക്കു ഹോളിവുഡ് പോലെ വലിയ ഇന്ഡസ്ട്രികളും ആയി മത്സരിക്കാൻ സാധിക്കില്ല എങ്കിലും അവരുമായി നമ്മുക്കു മത്സരിക്കാൻ സാധിക്കുന്നത് ശക്തമായ പ്രമേയങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രമേയങ്ങൾ മികച്ച നിലവാരത്തോടെ നമ്മൾ എത്തിക്കുമ്പോൾ ആണ് അവരുമായി നമ്മൾ മത്സരിക്കുന്നത് എന്നും ആ അർത്ഥത്തിൽ നോക്കുമ്പോൾ മമ്മൂട്ടിയെ പോലെ ഉള്ള ഒരു കലാകാരൻ മത്സരിക്കുന്നത് ഷാരൂഖ് ഖാനോടൊ സൽമാൻ ഖാനോടൊ അല്ല, ടോം ക്രൂയിസിനോട് ആണെന്നും ഹരിഹരൻ വിശദീകരിക്കുന്നു.
ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുപാട് കഷ്ടപ്പാടും പണ ചിലവും ആവശ്യമാണ് എന്നും അതു കൊണ്ട് തന്നെ മാമാങ്കം പോലെ ഉള്ള ഈ വമ്പൻ ചിത്രം ഉണ്ടായി വന്നതിൽ ആദ്യം അഭിനന്ദിക്കേണ്ടത് നിർമ്മാതാവ് വേണു കുന്നപ്പിള്ളിയെ ആണെന്നും ഹരിഹരൻ പറയുന്നു. നവംബർ 21 ന് റീലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ഇന്നലെ പുറത്തിറങ്ങി. എം ജയചന്ദ്രൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് ശ്രേയാ ഘോഷാൽ ആണ്. മികച്ച പ്രതികരണം ആണ് ഈ മെലഡി നേടിയെടുക്കുന്നത്.