പ്രശസ്ത സിനിമ- സീരിയൽ നടൻ ഗോകുലൻ ഇന്ന് വിവാഹിതനായി. ലോക്ക് ഡൗണായതിനാൽ തന്നെ വളരെ ലളിതമായ രീതിയിലാണ് അദ്ദേഹം വിവാഹിതനായത്. പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തിൽ ഇന്നു രാവിലെ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പെരുമ്പാവൂർ അയ്മുറി സ്വദേശി ധന്യയാണ് ഗോകുലന്റെ വധു. വീട്ടുകാർ വഴി ആലോചന വരികയും, ചെന്ന് കണ്ടു ഇഷ്ട്ടപെട്ടത് കൊണ്ട് പ്രത്യേക വിവാഹ നിശ്ചയമൊന്നുമില്ലാതെ നേരെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് ഗോകുലൻ പറയുന്നത്. ലോക്ക് ഡൗണായതു കൊണ്ട് മാത്രമല്ല, വിവാഹം എന്ന് ചെയ്താലും അത് ലളിതമായി ആയിരിക്കണം എന്ന ആഗ്രഹം നേരത്തെ മുതൽ ഉണ്ടായിരുന്നു എന്നും ഗോകുലൻ പറഞ്ഞു. വിവാഹം വലിയ രീതിയിൽ ആഘോഷിക്കപ്പെടേണ്ട ഒരു ചടങ്ങാണ് എന്ന് താൻ വിശ്വസിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടേയും അനുഗ്രഹം തേടിയ ഗോകുലൻ പറയുന്നത് ലോക്ക് ഡൌൺ കഴിഞ്ഞു മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തങ്ങളെ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട് എന്നാണ്.
സിനിമയിൽ ഉള്ള സുഹൃത്തുക്കളെ താൻ വിവരം അറിയിച്ചിരുന്നു എന്നും മമ്മൂട്ടിക്ക് പുറമെ, ജയസൂര്യ ചേട്ടൻ, മണികണ്ഠൻ, സുധി കോപ്പ, ലുക്ക്മാൻ എന്നിങ്ങനെ നിരവധി പേർ വിളിച്ചിരുന്നു എന്നും ഗോകുലൻ പറയുന്നു. എല്ലാവരും സന്തോഷം അറിയിച്ചു എന്നും പങ്കെടുക്കാൻ പലർക്കും ആഗ്രഹം ഉണ്ടായിരുന്നു എന്നും ഗോകുലൻ വെളിപ്പെടുത്തി. വിവാഹമല്ല, ദാമ്പത്യമാണ് ആഘോഷിക്കപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്ന ഈ കലാകാരൻ ഏതായാലും ഇന്ന് മുതൽ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കൂടി പ്രവേശിക്കുകയാണ്. ഒട്ടേറെ ടെലിവിഷൻ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ഈ നടൻ ഇപ്പോൾ മലയാള സിനിമയിലും നിറഞ്ഞു നിൽക്കുന്ന ഒരു കലാകാരനാണ്.