ആന്ധ്ര മുൻ മുഖ്യമന്ത്രിയായി വീണ്ടും മമ്മൂട്ടി തെലുങ്കിൽ; യാത്ര 2 ആരംഭിച്ചു.

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2019 ഇൽ തെലുങ്കിൽ ഒരുക്കിയ ചിത്രമാണ് യാത്ര. ആന്ധ്ര മുൻ മുഖ്യമന്ത്രിയായിരുന്ന, അന്തരിച്ചു പോയ വൈ എസ് രാജശേഖര റെഡ്ഢിയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹം ആന്ധ്രയിൽ നടത്തിയ പ്രശസ്തമായ പദയാത്രയുടെ പശ്‌ചാത്തലത്തിൽ കഥ പറഞ്ഞ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കിയാണ് അണിയറ പ്രവർത്തകർ. യാത്ര 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ജോലികൾ, ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ആരംഭിച്ചു കഴിഞ്ഞു. രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗം എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടി ഇനി ഈ തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുക. ഈ ചിത്രത്തിന് പതിനഞ്ചു ദിവസമാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയുടെ കഥയാണ് ഈ രണ്ടാം ഭാഗം പറയാൻ പോകുന്നത്.

ജഗൻ മോഹൻ റെഡ്ഢിയും ഒരു പദയാത്ര നടത്തുകയും അതിന്റെ വിജയം അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ആ ജീവിതകഥയാണ് യാത്ര 2 ഇൽ ആവിഷ്കരിക്കുന്നത്. പ്രശസ്ത തമിഴ് നടൻ ജീവ ജഗൻ മോഹൻ റെഡ്ഢിയുടെ വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, യാത്ര ഒരുക്കിയ മഹി വി രാഘവ് തന്നെയാണ്. ഈ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. അടുത്ത വർഷം നടക്കുന്ന ആന്ധ്ര തിരഞ്ഞെടുപ്പിന് മുൻപ് ഈ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. സുരീന്ദർ റെഡ്‌ഡി ഒരുക്കിയ, അഖിൽ അക്കിനേനി നായകനായ ഏജന്റ് എന്ന ചിത്രത്തിലെ വേഷത്തിനു ശേഷം, മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് യാത്ര 2 . യാത്ര 2 പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി തന്റെ വൈശാഖ് ചിത്രമായ അടിപിടി ജോസിൽ ജോയിൻ ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close