ഷാരൂഖ് ഖാൻ- ദളപതി വിജയ് ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; അപ്‌ഡേറ്റ് പുറത്ത് വിട്ട് ആറ്റ്ലി.

Advertisement

തമിഴിൽ രാജാ റാണി, തലപതി വിജയ് നായകനായ തെരി, മെർസൽ, ബിഗിൽ എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ആറ്റ്ലി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജവാൻ ഈ മാസമാണ് റിലീസ് ചെയ്തത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് നായകനായ ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുകയാണിപ്പോൾ. ഇതിനോടകം 900 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ആറ്റ്ലി- ഷാരൂഖ് ഖാൻ ചിത്രം 1000 കോടി ഗ്രോസ് നേടുന്ന രണ്ടാമത്തെ ഷാരൂഖ് ഖാൻ ചിത്രമാവുമെന്നാണ് സൂചന. ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര, വിജയ് സേതുപതി എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ദീപിക പദുക്കോൺ എന്നിവർ അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായി അടുത്തിടെ നൽകിയ മാധ്യമ അഭിമുഖങ്ങളിൽ ആറ്റ്ലി തന്റെ ഭാവി ചിത്രങ്ങളെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലും ഏറെ ശ്രദ്ധേയമായി.

ജവാൻ 2 , അല്ലു അർജുൻ നായകനാവുന്ന ചിത്രം, അതുപോലെ ജവാനിലെ ഷാരൂഖ് ഖാൻ അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളിൽ ഒന്നായ വിക്രം റാത്തോറിനെ വെച്ചൊരു സ്പിൻ ഓഫ് എന്നിവയൊക്കെ തന്റെ പ്ലാനിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിനൊപ്പം തന്നെ തന്റെ കരിയറിലെ സ്വപ്ന ചിത്രത്തെ കുറിച്ചും ആറ്റ്ലി വിശദീകരിച്ചു. ഷാരൂഖ് ഖാനും ദളപതി വിജയ്‌യും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് അതെന്നും, ഈ ചിത്രം ചെയ്യാനുള്ള സമ്മതം ഈ രണ്ട് സൂപ്പർ താരങ്ങളിൽ നിന്നും തനിക്ക് ലഭിച്ചു കഴിഞ്ഞെന്നും ആറ്റ്ലി പറഞ്ഞു.

Advertisement

ഇങ്ങനെയൊരു ചിത്രം ആലോചിക്കാൻ ഇവർ പറഞ്ഞപ്പോൾ, ആദ്യം തനിക്കതൊരു തമാശയായാണ് തോന്നിയതെങ്കിലും, അടുത്ത ദിവസം തന്നെ ഇത്തരമൊരു ചിത്രം എഴുതിയാൽ അതിൽ സഹകരിക്കുമെന്ന് വിജയ് സന്ദേശമയച്ചതോടെ താൻ ഞെട്ടിപ്പോയെന്നും ആറ്റ്ലി പറയുന്നു. ഉടനെ തന്നെ, ആ സമയം തനിക്കൊപ്പം ഉണ്ടായിരുന്ന ഷാരൂഖ് ഖാനോട് ഈ വിവരം സംസാരിച്ചപ്പോൾ അദ്ദേഹം ഇതിൽ അഭിനയിക്കുമെന്ന് ഉറപ്പു പറഞ്ഞെന്നും, ഇപ്പോൾ അത്തരമൊരു വലിയ ചിത്രത്തിന് പറ്റിയ കഥ ആലോചിക്കുക കൂടിയാണ് താനെന്നും ആറ്റ്ലി വെളിപ്പെടുത്തി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close