ലിജോക്കൊപ്പം ഇനി വരുന്നത് രണ്ട് വമ്പൻ ചിത്രങ്ങൾ?; കൂടുതൽ വെളിപ്പെടുത്തി മമ്മൂട്ടി

Advertisement

മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. ഈ വരുന്ന ജനുവരി പത്തൊൻപത് വ്യാഴാഴ്ച ആണ് ഈ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ട ഈ ചിത്രം കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ പ്രീമിയർ ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ഏതായാലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണിപ്പോൾ നൻ പകൽ നേരത്ത് മയക്കം. ഇതിന്റെ റിലീസിന് മുന്നോടിയായി മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു പ്രസ് മീറ്റ് നടത്തിയിരുന്നു.

അതിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മൂന്ന് കഥകൾ ആണ് ലിജോ ജോസ് പെല്ലിശ്ശേരിയും താനും ചർച്ച ചെയ്തത് എന്നും അതിൽ രണ്ടെണ്ണം ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ആയിരുന്നു എന്നുമാണ് മമ്മൂട്ടി പറയുന്നത്. ചെറിയ ബഡ്ജറ്റിൽ ഒരുക്കാൻ സാധിക്കുന്നത് നൻ പകൽ നേരത്ത് മയക്കം ആയിരുന്നുവെന്നും, അത് കൊണ്ട് ആ ചിത്രം ചെയ്യാൻ തീരുമാനിച്ചു എന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഇവർ ചെയ്യാതെ മാറ്റിവെച്ച മറ്റ് രണ്ട് കഥകൾ ഇനി ചെയ്യുമോ എന്ന ചോദ്യത്തിന് മമ്മൂട്ടി പറയുന്നത്, ആ ചിത്രങ്ങൾ സംഭവിക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നാണ്. മമ്മൂട്ടി ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്നത്. ഈ ബിഗ് ബഡ്ജറ്റ് മാസ്സ് പീരീഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ രാജസ്ഥാനിൽ ആരംഭിക്കും.

Advertisement
Advertisement

Press ESC to close