തൊഴിലുടമയുടെ ക്രൂരപീഡനമേറ്റു വാങ്ങിയ ഹരിദാസിന് സഹായവുമായി മമ്മൂട്ടി

Advertisement

കഴിഞ്ഞ ദിവസങ്ങളിലാണ് മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസിനെ കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത്. ഇപ്പോഴിതാ അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്കാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി ഡിറക്ടറായ ചികിത്സാ കേന്ദ്രമായ പതഞ്ജലിയാണ്. ഹരിദാസിന് വേണ്ട എല്ലാ ചികിത്സയും നൽകാനും അതോടൊപ്പം അദ്ദേഹത്തിന്റെ യാത്രാ ചെലവടക്കം ഏറ്റെടുക്കുമെന്നും പതഞ്ജലിയുടെ അധികൃതർ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയും പതഞ്ജലി ചികിത്സാ കേന്ദ്രത്തിലെ പ്രധാന ഡോക്ടറായ ജ്യോതിഷ് കുമാറും നടത്തിയ ചർച്ചയിലാണ് ഹരിദാസിനെ സഹായിക്കാനുള്ള തീരുമാനമുണ്ടായത്. മലേഷ്യയില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്ന ഹരിദാസ് ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് തൊഴിലുടമ ദേഹമാസകലം ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച് അദ്ദേഹത്തെ മർദിച്ചത്.

ശമ്പളകുടിശ്ശിക കിട്ടിയിട്ട് ഹരിദാസ് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഈ സംഭവമുണ്ടായത്. മൂത്ത മകളുടെ പരീക്ഷ കഴിഞ്ഞാലുടന്‍ പതഞ്ജലിയിൽ ചികിത്സയ്ക്ക് പോകാനാണ് ഹരിദാസിന്റെ കുടുംബത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുറ്റിപ്പുറത്തും, കൊച്ചി പനമ്പള്ളി നഗറിലും പതഞ്ജലി ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാലു മുതല്‍ കഴുത്തു വരെ ശരീരമാസകലം മുറിവുകളുമായി നിൽക്കുന്ന ഹരിദാസിന്റെ ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സുഹൃത്തുക്കള്‍ അയച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഭാര്യ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും പരാതി നൽകി. പതഞ്ജലിക്ക് പുറമെ നോര്‍ക്ക അധികൃതരും ഹരിദാസിനെ സഹായിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹരിദാസ് കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരാള്‍ക്കും ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഏതായാലും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പതഞ്‌ജലി ഹരിദാസിന്റെ ചികിത്സാ ചെലവുകൾ ഏറ്റെടുത്തതിന്റെ ആശ്വാസത്തിലാണ്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close