ഏകദേശം നാലു വർഷം മുൻപാണ് അട്ടപ്പാടി സ്വദേശി മധു എന്ന് പേരുള്ള യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്. വിശപ്പിനു ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഈ ആൾക്കൂട്ട മർദനം നടന്നതും മധു അവിടെ വെച്ച് കൊല്ലപ്പെടുന്നതും. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം കേരളത്തിന് അകത്തും പുറത്തും വലിയ വിവാദമായി മാറുകയും ചെയ്തു. അതേ തുടർന്ന് ഈ സംഭവം വലിയ കേസ് ആയി മാറി കോടതിയിൽ നിൽക്കുകയാണ് ഇപ്പോഴും. എന്നാൽ ഈ കേസ് നടത്താൻ മധുവിന്റെ കുടുംബത്തിന് സഹായ വാദ്ഗാനവുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി എന്ന വാർത്തയാണ് വരുന്നത്. നിയമസഹായം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സഹായിക്കാം എന്നുള്ള വാഗ്ദാനം മമ്മൂട്ടിയുടെ ഓഫീസിൽ നിന്ന് വിളിച്ചു അറിയിച്ചു എന്നാണ് മധുവിന്റെ സഹോദരി സരസു പറയുന്നത്.
ഇവർക്ക് നിയമ സഹായം നൽകുന്നതുമായി ബന്ധപെട്ടു കേരളത്തിന്റെ നിയമ മന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് മമ്മൂട്ടിയുടെ ഓഫിസ് അടുത്ത ദിവസം തന്നെ മധുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടതും സഹായ വാഗ്ദാനം അറിയിച്ചതും. അടുത്ത ദിവസങ്ങളിൽ മമ്മൂട്ടിയുടെ ഓഫീസിൽ നിന്നുള്ളവർ മധുവിന്റെ വീട്ടിൽ എത്താൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മധുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നുള്ള കാര്യത്തിൽ തങ്ങൾ ഉറച്ചു നിൽക്കുകയാണ് എന്നാണ് മധുവിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ബാക്കി കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടി ചേർന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി സരസു പറയുന്നു. മധുവിന്റെ ജീവിതം പ്രമേയമാക്കി ആദിവാസി എന്നൊരു ചിത്രവും ഉടനെ വരുന്നുണ്ട്. വിജീഷ് മണി ഒരുക്കിയ ഈ ചിത്രത്തിൽ അപ്പാനി ശരത് ആണ് മധുവായ് അഭിനയിച്ചിരിക്കുന്നത്.