മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യാൻ പോവുകയാണ്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്യുക. തമിഴിന് പുറമെ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിലെത്തി ചേർന്ന പൊന്നിയിൻ സെൽവൻ ടീം മെഗാസ്റ്റാർ മമ്മൂട്ടിക്കും നന്ദി പറഞ്ഞിരിക്കുകയാണ്. കാരണം ഇതിന്റെ മലയാളം പതിപ്പിൽ ആമുഖം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്. ഈ കാര്യം ചോദിച്ചു കൊണ്ട് താൻ അദ്ദേഹത്തെ വിളിച്ചപ്പോൾ, ഒട്ടും ആലോചിക്കാതെ മമ്മൂട്ടി അതിന് സമ്മതിച്ചുവെന്നും മണി രത്‌നം പറയുന്നു. മമ്മൂട്ടി- രജനികാന്ത് ടീമിനെ വെച്ച് മുപ്പതോളം വർഷങ്ങൾക്കു മുൻപ് ദളപതി എന്ന ചിത്രം സംവിധാനം ചെയ്തയാൾ കൂടിയാണ് മണി രത്‌നം.
ഇന്നലെ മണി രത്‌നത്തിനൊപ്പം ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരും ഇതിന്റെ പ്രചാരണത്തിന് കേരളത്തിൽ വന്നിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു ഇതിന്റെ പ്രമോഷൻ പരിപാടികൾ നടന്നത്. ഐശ്വര്യ റായ്, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.