മോഹൻലാലിന്റെ കോലം കത്തിച്ചതിനെതിരെ പ്രതിഷേധം; പിന്തുണയുമായി മമ്മൂട്ടി ഫാൻസും ..!

Advertisement

ഇപ്പോൾ സോഷ്യൽ മീഡിയയിലും പത്ര ദൃശ്യ മാധ്യമങ്ങളിലും ചർച്ചാ വിഷയം ആയിരിക്കുന്നത് താര സംഘടനയായ ‘അമ്മ, നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ച നടപടി ആണ്. തന്റെ നിരപരാധിത്വം തെളിയിക്കാതെ സംഘടനയിലേക്ക് ഇല്ല എന്ന് ദിലീപ് ഇന്നലെ പ്രതികരിച്ചു എങ്കിലും അതിനു മുൻപേ തന്നെ സംഘടനയുടെ തീരുമാനം വിവാദമായി മാറി. അമ്മക്കെതിരെ മാധ്യമങ്ങളും വനിതാ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു എന്ന് മാത്രമല്ല, കുറച്ചു ദിവസം മുൻപ് മാത്രം അമ്മയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റ മഹാനടൻ മോഹൻലാലിന് എതിരെയാണ് ഇപ്പോൾ പ്രതിഷേധം കൂടുതൽ. ഈ വിഷയം ചില ഈർക്കിലി രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുക തന്നെയാണ് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്.. പ്രത്യേകിച്ചു മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ പേര് ഉപയോഗിച്ച് നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്നാണ് പലരും പറയുന്നത്.

മോഹൻലാൽ പ്രസിഡന്റ് ആയി വന്നപ്പോൾ എടുത്ത തീരുമാനം എന്ന് ആരോപിച്ചു ഇന്നലെ കൊച്ചിയിൽ ഫിലിം ചേംബർ ഓഫീസിന്റെ മുന്നിൽ വെച്ച് രാഷ്ട്രീയ പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. എന്നാൽ ഇതിനെതിരെ ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതിഷേധം ഇരമ്പുകയാണ് ഇപ്പോൾ. ‘അമ്മ എന്ന സംഘടന കൂട്ടമായി ഒരു തീരുമാനം എടുത്തതിനു മോഹൻലാൽ എന്ത് പിഴച്ചു എന്നാണ് ഏവരും ചോദിക്കുന്നത്. അമ്മയിലെ ഭൂരിപക്ഷ അഭിപ്രായം നടപ്പിലാക്കുക എന്നത് മാത്രമേ മോഹൻലാലിനു സാധിക്കു എന്നിരിക്കെ, അമ്മയുടെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് എന്ന് കണക്കാക്കി അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ല എന്ന നിലപാട് ആണ് സിനിമാ പ്രേമികളും ആരാധകരും കൈക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ ആരാധകരോടൊപ്പം ഇതിനെതിരെ പ്രതിഷേധവുമായി മമ്മൂട്ടി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. മോഹൻലാൽ ആരാധകർ ഇന്ന് കൊച്ചിയിൽ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട് എന്നാണ് സൂചന. അതിനു പിന്തുണയുമായി മമ്മൂട്ടി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. മമ്മൂട്ടിയെ ലക്‌ഷ്യം വെച്ചും ഒരുപാട് പേർ നടത്തുന്ന വിമർശനങ്ങൾ ഈ വിഷയത്തിൽ മുന്നോട്ടു വന്നിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close