![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/07/mammootty-fans-organizing-a-special-flight-bring-malayalees-from-australia-to-kerala.jpg?fit=1024%2C592&ssl=1)
മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എന്നും മുന്നിൽ നിൽക്കുന്ന വ്യക്തികളാണ്. ഇരുവരുടെയും ഫാൻസ് അസോസിയേഷനുകൾ വഴിയും അവർ ഒട്ടേറെ സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതുപോലെ അവരുടെ അറിവോടെയും സമ്മതത്തോടെയും ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ആരാധകർ സ്വന്തം നിലയിലും ചെയ്തു കൊടുക്കുന്നുണ്ട്. ജൂലൈ ആദ്യ വാരം മോഹൻലാലിന്റെ ഗൾഫിലെ ആരാധക കൂട്ടായ്മയായ ലാൽ കെയെർസ് കൂടി പങ്കാളികളായി, 177 പ്രവാസികളെ തികച്ചും സൗജന്യമായി ഒരു വിമാനത്തിൽ നാട്ടിലെത്തിക്കുന്ന പ്രവാസി യാത്ര മിഷന്റെ സൗജന്യ വിമാനം ബഹറിനിൽ നിന്ന് കോഴിക്കോട് എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ആരാധകരും അത്തരമൊരു പ്രവർത്തിയുമായി മുന്നോട്ടു വന്നിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഓസ്‌ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കിയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ മുന്നോട്ടു വന്നിരിക്കുന്നത്.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകമാണ് ഈ പ്രവർത്തിക്കു പിന്നിൽ. ഓസ്‌ട്രേലിയയിൽ മലയാളികൾ ഏറെയുള്ള പെർത്തിൽ നിന്നാണ് കൊച്ചിക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രമുഖ എയർ ലൈൻസ് കമ്പനിയായ സിൽക്ക് എയർ വെയ്‌സും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റർനാഷണലുമായി ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പെർത്തും മമ്മൂട്ടി ഫാൻസ് അസോയിയേഷനും കൂടിയാണ് മലയാളികളെ നാട്ടിലെത്തിക്കുന്നത്. ജൂലൈ 25 ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയിൽ എത്തുമെന്നും ടിക്കറ്റുകൾ ആവശ്യം ഉള്ളവർ +61410366089 നമ്പറിൽ വിളിച്ചു സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് എന്നും അധികൃതർ അറിയിച്ചു.