മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളായ മമ്മൂട്ടി മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തൊണ്ണൂറുകളിൽ തമിഴിൽ മികച്ച മാർക്കറ്റുള്ള ചുരുക്കം ചില മലയാള താരങ്ങളിൽ ഒരാളായിരുന്നു മമ്മൂട്ടി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ മലയാള ചിത്രങ്ങളും അവയുടെ തമിഴ് ഡബ്ബിങ് പതിപ്പുകൾക്കും ഒപ്പമാണ് മമ്മൂട്ടി നായകനായി അഭിനയിച്ച തമിഴ് ചിത്രങ്ങളും അവിടെ മികച്ച വിജയം നേടിയെടുത്തിരുന്നത്. രജനികാന്തിനൊപ്പം മമ്മൂട്ടി അഭിനയിച്ച മണി രത്‌നം ചിത്രമായ ദളപതി, മമ്മൂട്ടിയുടെ ജനപ്രീതി തമിഴ്‌നാട്ടിൽ വർദ്ധിക്കുന്നതിന് കാരണമായി മാറുകയും ചെയ്തു. അങ്ങനെയിരിക്കെ 1995 ഇൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ഒരു തമിഴ് ചിത്രം, ഒപ്പം റിലീസ് ചെയ്ത രജനികാന്ത് ചിത്രത്തിനേക്കാൾ മികച്ച വിജയം നേടിയ സംഭവവും ഉണ്ടായി. 1995 ൽ ആർ.കെ ശെൽവമണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മക്കൾ ആട്ചി എന്ന ചിത്രമാണ് ആ വിജയം കരസ്ഥമാക്കിയത്. സേതുപതി എന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രമായാണ് മമ്മൂട്ടി ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
രജനീകാന്തിന്റെ മുത്തു എന്ന ചിത്രത്തിനൊപ്പം എത്തിയ ഈ മമ്മൂട്ടി ചിത്രം അതിനേക്കാൾ മികച്ച ജനസ്വീകാര്യതയാണ് നേടിയെടുത്തത്. ഇന്ന് മക്കൾ ആട്ചി റിലീസ് ചെയ്തിട്ടു 25 വർഷങ്ങൾ പിന്നിടുകയാണ്. രണ്ടായിരത്തിനു ശേഷം മമ്മൂട്ടി തമിഴിൽ ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടില്ല എങ്കിലും തൊണ്ണൂറുകളിൽ അദ്ദേഹം ചെയ്ത മൗനം സമ്മതം, അഴകൻ, ദളപതി, മക്കൾ ആട്ചി എന്നിവ പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളായി ഇന്നും തുടരുന്നു. മലയാളത്തിൽ 1994 ഇൽ റിലീസ് ചെയ്തു ആ വർഷത്തെ ഏറ്റവും വലിയ വിജയമായ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ തേന്മാവിൻ കൊമ്പത്തിന്റെ തമിഴ് റീമേക് ആയിരുന്നു രജനികാന്തിന്റെ മുത്തു എങ്കിലും മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മക്കൾ ആട്ചിക്കു മുന്നിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആ സൂപ്പർ സ്റ്റാർ ചിത്രത്തിന്.