മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായി ആണ് മാമാങ്കം എത്തുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നൂറ്റാണ്ടുകൾക്കു മുൻപുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയാണ് മമ്മൂട്ടി എത്തുന്നത് തന്നെ. അതുകൊണ്ടു കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യൂപ് ഇല്ലാതെ തന്നെയാണ് മമ്മൂട്ടി ഇതിലെ രംഗങ്ങൾ ചെയ്തിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ പറയുന്നു.
കുറച്ചു ദിവസം മുൻപ് കേരളത്തിൽ കളരിഗുരുക്കന്മാരെ ആദരിക്കുന്ന ഒരു ചടങ്ങു മാമാങ്കം ടീം നടത്തിയിരുന്നു. ആ ചടങ്ങിൽ വെച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കളരി പയറ്റിൽ തനിക്കു മുപ്പതു വർഷത്തെ പരിചയം ഉണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. 1980 കളിൽ പുറത്തു വന്ന പടയോട്ടം എന്ന ചിത്രത്തിൽ മുതൽ ഈ ആയോധന കല ഉൾപ്പെട്ട ചിത്രങ്ങളിൽ ഭാഗമാകാൻ തനിക്കു സാധിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി പറയുന്നു. പടയോട്ടം കൂടാതെ ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ എന്നീ ചിത്രങ്ങളിൽ ആണ് മമ്മൂട്ടി കളരിമുറകൾ ഉപയോഗിച്ചിരിക്കുന്നത്. മാമാങ്കം ടീസർ, ട്രൈലെർ എന്നിവയിൽ കണ്ട മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവരും കളരി മുറകളുമായി ശ്രദ്ധ നേടുന്നുണ്ട്.
ഈ മാസം 21 നു ആണ് മാമാങ്കം റിലീസ് ചെയ്യാൻ പോകുന്നത്. അമ്പതു കോടി രൂപ മുതൽ മുടക്കിൽ വലിയ താര നിരയെ അണിനിരത്തി ഒരുക്കിയ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രശസ്തരാണ്. സംഘട്ടനം ഒരുക്കിയത് ബോളിവുഡിൽ നിന്നുള്ള ശ്യാം കൗശൽ ആണെങ്കിൽ പശ്ചാത്തല സംഗീതം ഒരുക്കിയത് ബോളിവുഡിൽ നിന്ന് തന്നെയുള്ള അങ്കിത്- സഞ്ചിത് ടീം ആണ്. കമല കണ്ണൻ വി എഫ് എക്സ് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും ദൃശ്യങ്ങൾ ഒരുക്കിയത് മനോജ് പിള്ളയും ആണ്.