മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ ആണ്. ഒരു പൊളിറ്റിക്കൽ ഡ്രാമ ആയ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് മമ്മൂട്ടി തന്നെ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ടിരുന്നു. ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള കഥാപാത്രം ആയാണ് മമ്മൂട്ടി എത്തുന്നത്. കേരളാ മുഖ്യമന്ത്രി ആണ് ഈ കഥാപാത്രം എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തിൽ മുഖ്യമന്ത്രി ആയി അഭിനയിച്ചതോടെ ഒരു അപൂർവ നേട്ടം ആണ് മമ്മൂട്ടിയെ തേടി എത്തിയത്.
സൗത്ത് ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആയി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു സൗത്ത് ഇന്ത്യൻ താരമായി മമ്മൂട്ടി മാറി. 1995 ഇൽ റിലീസ് ചെയ്ത മക്കൾ ആട്ചി എന്ന തമിഴ് ചിത്രത്തിൽ ആണ് മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷം ചെയ്തത്. തമിഴ് നാട് മുഖ്യമന്ത്രി ആയി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ആർ കെ സെൽവമണി ആയിരുന്നു. റോജ, ഐശ്വര്യ എന്നിവരും അഭിനയിച്ച ഈ ചിത്രം എന്റെ നാട് എന്ന പേരിൽ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു എത്തിയിരുന്നു. ഈ വർഷം ആദ്യമാണ് മമ്മൂട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി അഭിനയിച്ച തെലുങ്ക് ചിത്രം യാത്ര റിലീസ് ചെയ്തത്.
മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം അന്തരിച്ചു പോയ തെലുങ്കു മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥയാണ് പറഞ്ഞത്. മികച്ച നിരൂപ പ്രശംസ നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ മുഖ്യമന്ത്രി ആയി കൂടി മമ്മൂട്ടി എത്തുന്നതോടെ മൂന്നു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആയി അഭിനയിച്ച ആദ്യ തെന്നിന്ത്യൻ സൂപ്പർ താരമായി മമ്മൂട്ടി മാറി. രാഷ്ട്രീയക്കാരൻ ആയി മമ്മൂട്ടി കുറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മുഖ്യമന്ത്രി ആയി മലയാളത്തിൽ അഭിനയിക്കുന്നത് ഇതാദ്യമായാണ്.
ഫോട്ടോ കടപ്പാട്: Ajmal Photography