1990 ഇൽ ആണ് ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ ഡെന്നിസ് ജോസഫ് രചിച്ച മമ്മൂട്ടി ചിത്രമായ കോട്ടയം കുഞ്ഞച്ചൻ റിലീസ് ചെയ്തത്. ആ വർഷത്തെ മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയ കോട്ടയം കുഞ്ഞച്ചൻ പിന്നീട് മിനി സ്‌ക്രീനിലൂടെയും ഏറെ ആരാധകരെ നേടിയെടുത്ത ചിത്രമാണ്. അതിൽ മമ്മൂട്ടി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ സന്തത സഹചാരി ആയ ബോസ്കോ എന്ന കഥാപാത്രം ആയി എത്തിയത് പ്രശസ്ത നടൻ ബൈജു സന്തോഷ് ആണ്. ഇപ്പോഴിതാ മുപ്പതു വർഷങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന അജയ് വാസുദേവ് ചിത്രം എത്തുമ്പോൾ ഒരിക്കൽ കൂടി മമ്മൂട്ടി കഥാപാത്രത്തിന്റെ സന്തത സഹചാരി ആയി എത്തുകയാണ് ബൈജു സന്തോഷ്. മുപ്പതു വർഷം മുൻപ് ഈ കൂട്ടുകെട്ടിന് ലഭിച്ച വിജയം ഷൈലോക്കിലൂടെ ആവർത്തിക്കും എന്ന് തന്നെയാണ് ആരാധകരുടേയും പ്രതീക്ഷ.
ഇപ്പോൾ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ബൈജു തന്റെ രസകരമായ അഭിനയ ശൈലിയിലൂടെയും ഡയലോഗ് ഡെലിവറി സ്റ്റൈലിലൂടെയും പ്രേക്ഷകരുടെ കയ്യടി നേടിയ നടൻ ആണ്. കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയം ആയി മാറിയ മോഹൻലാൽ ചിത്രമായ ലുസിഫെറിലും ശ്രദ്ധ നേടുന്ന പ്രകടനമാണ് ബൈജു കാഴ്ച വെച്ചത്. അജയ് വാസുദേവ് ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് രചിച്ചത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിയ്ക്കുന്നതു. ഈ വരുന്ന ജനുവരി 23 നു ഷൈലോക്ക് റിലീസ് ചെയ്യും.