
മലയാളത്തിന്റെ പ്രിയപ്പെട്ട ബിഗ് എമ്മുകൾ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം ആരാധകർക്കെല്ലാം സുപരിചിതമാണ്. ഇടയ്ക്കിടെ പരസ്പരം വീടുകൾ സന്ദർശിച്ചും, കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കാറുണ്ട്. മോഹൻലാലിന് മലയാളിയുടെ മമ്മൂക്ക ഇച്ചാക്കയാണ്. തിരിച്ച് മമ്മൂട്ടിയ്ക്കാകട്ടെ തന്റെ പ്രിയപ്പെട്ട ലാലും. ഇപ്പോഴിതാ, ഇരുവരും ഒരുമിച്ചുള്ള സൗഹൃദചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മോഹൻലാലിന്റെ പുതിയ വീട്ടിൽ അതിഥിയായി മമ്മൂട്ടി എത്തിയപ്പോൾ എടുത്ത ചിത്രമാണിത്. കൊച്ചി കുണ്ടന്നൂരിലുള്ള മോഹൻലാലിന്റെ പുതിയ ലക്ഷ്വറി ഫ്ലാറ്റിൽ സന്ദർശനത്തിന് എത്തിയതാണ് മമ്മൂട്ടി. ‘അറ്റ് ലാൽസ് ന്യൂ ഹോം’ എന്ന കാപ്ഷനിൽ മമ്മൂട്ടിയും, ‘ഇച്ചാക്ക’ എന്നെഴുതി മോഹൻലാലും കൂടിക്കാഴ്ചയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലൈക്കുകളും കമന്റുകളുമായി ആരാധകരും സൗഹൃദചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

പൃഥ്വിരാജ് ഉൾപ്പെടെ നിരവധി സിനിമാപ്രമുഖർ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റ് നേരത്തെ സന്ദർശിച്ചിരുന്നു. അടുത്തിടെയാണ് കുണ്ടന്നൂരില്‍ സൂപ്പർതാരം ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്. ഏകദേശം 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഫ്ലാറ്റിനെ കുറിച്ച് മോഹൻലാൽ തന്നെ ഇന്‍സ്റ്റഗ്രാം വഴി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഫ്ലാറ്റിനുള്ളിലെ വിശാലമായ മുറികളും നൂതനവിദ്യകളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. നാല് ബെഡ്‌റൂമുകളും വലിയ കിച്ചണും പൂജാമുറിയും ഉൾപ്പെടെ ആർഭാടമായ സൗകര്യങ്ങളും ഫ്ലാറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.
അതേ സമയം, സിനിമാതിരക്കുകളുമായി സജീവമാണ് താരങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്‍റെ വിദേശത്തെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. മമ്മൂട്ടിയാകട്ടെ, എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ്. ഇതിനായി താരം ശ്രീലങ്കയിൽ എത്തിയതും, ക്രിക്കറ്റ് താരം സനത് ജയസൂര്യയുമായി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു.