![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/03/mammootty-anwar-rasheed-and-amal-neerad-team-unite-again-for-a-movie.jpg?fit=1024%2C592&ssl=1)
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാജമാണിക്യം എന്ന ചിത്രമൊരുക്കിയാണ് അൻവർ റഷീദ് എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി മാറി ആ ചിത്രം. അൻവർ റഷീദ് അതിനു ശേഷം മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ചോട്ടാ മുംബൈ, മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം അണ്ണൻ തമ്പി, ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടൽ, ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്നിവയും ഒരുക്കി. ഇത് കൂടാതെ കേരളാ കഫേ എന്ന ആന്തോളജിയിലെ ബ്രിഡ്ജ്, അഞ്ചു സുന്ദരികൾ എന്ന ആന്തോളജിയിലെ ആമി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ, ട്രാൻസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായും അദ്ദേഹം എത്തി. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അദ്ദേഹം വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഈ ചിത്രം ഈ വർഷം തന്നെ ഉണ്ടാകുമെന്നും ഇതിനു കാമറ ചലിപ്പിക്കുന്നത് അമൽ നീരദ് ആവുമെന്നും വാർത്തകൾ പറയുന്നു. ഇതുവരെ ഒഫീഷ്യൽ ആയുള്ള സ്ഥിതീകരണം ഒന്നുമില്ലെങ്കിലും ഇത്തരത്തിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനു മുൻപ് പ്രചരിച്ച ഒരു വാർത്ത, പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണ് അൻവർ റഷീദ് ചെയ്യുന്നത് എന്നായിരുന്നു. അതിനു അഞ്ജലി മേനോൻ തിരക്കഥ രചിക്കുമെന്നും വാർത്തകൾ വന്നു. ഏതായാലും ഈ വാർത്തകൾക്കു ഒന്നും ഇതുവരെ യാതൊരു വിധ സ്ഥിതീകരണവും ഇല്ല എന്നതാണ് സത്യം. പക്ഷെ ഇങ്ങനെ ഒരു മമ്മൂട്ടി പ്രൊജക്റ്റ് അൻവർ റഷീദ് ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. അതേ സമയം മമ്മൂട്ടി- അമൽ നീരദ് ചിത്രം ബിലാൽ ഇനിയും വൈകും എന്നും വാർത്തകൾ പറയുന്നു.