റോഷാക്ക് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി. ഒക്ടോബർ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഇന്ന് മാധ്യമ പ്രവർത്തകരെ കണ്ട മമ്മൂട്ടി അവരുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ്. അന്യ ഭാഷ ചിത്രങ്ങൾ ദുൽഖർ കൂടുതലായി ചെയ്യുന്നത് മമ്മൂട്ടിയുടെ നിർദേശ പ്രകാരമാണോ എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകർ ചോദിച്ചത്. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞത് വീട്ടുകാർ പറഞ്ഞിട്ടാണോ ആ മാധ്യമ പ്രവർത്തകൻ ഈ പ്രസ് മീറ്റിന് വന്നതെന്നാണ്. അങ്ങനെ തന്റെ നിർദേശമനുസരിച്ചൊന്നുമല്ല ദുൽഖർ ചിത്രങ്ങൾ ചെയ്യുന്നതെന്ന് മമ്മൂട്ടി നേരത്തെയും പറഞ്ഞിട്ടുണ്ട്.
ശ്രീനാഥ് ഭാസി വിഷയത്തിലും പ്രസ് മീറ്റിൽ മമ്മൂട്ടിയോട് ചോദ്യങ്ങൾ ഉണ്ടായി. ആരെയും വിലക്കാൻ പാടില്ല എന്നും, ആരുടേയും തൊഴിൽ നിഷേധിക്കുന്നതോ അവരുടെ അന്നം മുടക്കുന്നതോ ശരിയായ കാര്യമല്ലെന്നും മമ്മൂട്ടി പറഞ്ഞു. മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ചതിന്റെ പേരിൽ നിർമ്മാതാക്കളുടെ സംഘടനയാണ് ശ്രീനാഥ് ഭാസിയെ വിലക്കിയത്. മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീറും രചിച്ചത് സമീർ അബ്ദുളുമാണ്. മമ്മൂട്ടി കമ്പനിയെന്ന തന്റെ സ്വന്തം ബാനറിൽ മമ്മൂട്ടിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രം ദുൽഖർ സൽമാനാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.