അഭിനയ ചക്രവർത്തി സത്യൻ മാഷ് നായകനായ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആ രണ്ടു സൂപ്പർ താരങ്ങൾ

Advertisement

മലയാള സിനിമയുടെ അഭിനയ ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന നടനായിരുന്നു യശശ്ശരീരനായ സത്യൻ മാഷ്. തന്റെ സ്വാഭാവികാഭിനയം കൊണ്ടും വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള അസാമാന്യ മികവ് കൊണ്ടും ശ്രദ്ധ നേടിയ ഈ നടൻ മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ് രണ്ടു തവണയാണ് സ്വന്തമാക്കിയത്. പ്രേം നസീർ- സത്യൻ എന്നിവരായിരുന്നു ഒരുകാലത്തെ മലയാള സിനിമയിലെ താര ദ്വന്ദങ്ങൾ. അതിനു ശേഷം മധു കൂടി താരമായി അവർക്കൊപ്പം വന്നു. അതേ ചരിത്രത്തിന്റെ ആവർത്തനമെന്ന പോലെ എൺപതുകളിൽ മോഹൻലാൽ- മമ്മൂട്ടി താര ദ്വന്ദങ്ങൾ മലയാള സിനിമയിൽ ഉദിച്ചുയരുകയും തൊണ്ണൂറുകളിൽ സുരേഷ് ഗോപി എന്ന താരം ഉദയം ചെയ്തു അവർക്കൊപ്പം ചേരുകയും ചെയ്തത്. ഇതിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും തങ്ങളുടെ സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത് സത്യൻ മാസ്റ്റർ നായകനായ ചിത്രങ്ങളിലൂടെയായിരുന്നു എന്നത് ഏറെ കൗതുകകരമായ കാര്യമാണ്. വളരെ ചെറിയ വേഷങ്ങളായിരുന്നു എങ്കിൽ പോലും ഇരുവരും ക്യാമെറയെ ആദ്യമായി അഭിമുഖീകരിച്ചത് ആ ചിത്രങ്ങളിലൂടെയാണ്.

സത്യൻ മാസ്റ്ററെ നായകനാക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്തു 1971 ഇൽ റിലീസ് ചെയ്ത ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. ഈ ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയാണ് മമ്മൂട്ടിയഭിനയിച്ചതു. ഈ ചിത്രം റിലീസ് ചെയ്തു പിന്നെയും പത്തു വർഷത്തോളം കഴിഞ്ഞാണ് മമ്മൂട്ടി മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. സത്യൻ തന്നെ നായകനായ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്. കെ എസ് സേതുമാധവൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. 1965 ഇൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ സത്യനൊപ്പം പ്രേം നസീറും അഭിനയിച്ചിരുന്നു. വെറും ഏഴു വയസായിരുന്നു ഈ ചിത്രത്തിലഭിനയിക്കുമ്പോൾ സുരേഷ് ഗോപിയുടെ പ്രായം. മമ്മൂട്ടിയഭിനയിച്ച സത്യൻ – കെ എസ് സേതുമാധവൻ ചിത്രമായ അനുഭവങ്ങൾ പാളിച്ചകളിലും പ്രേം നസീർ അഭിനയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close