മമ്മൂട്ടിയെ നായകനാക്കി ഇരുപത്തിയഞ്ചു വർഷം മുൻപ് രഞ്ജി പണിക്കർ രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദി കിംഗ്. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിൽ ജോസെഫ് അലക്സ് എന്ന് പേരുള്ള കളക്ടർ ആയാണ് മമ്മൂട്ടിയെത്തിയത്. അതിലെ മമ്മൂട്ടിയുടെ തീപ്പൊരി ഡയലോഗുകളെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിലൊന്നായിരുന്നു, സെൻസ് വേണം സെൻസിബിലിറ്റി വേണം സെൻസിറ്റിവിറ്റി വേണമെന്നുള്ള ജോസെഫ് അലക്സിന്റെ മാസ് ഡയലോഗ്. ആ ഡയലോഗ് ഇപ്പോൾ ഒന്നുകൂടി ആവർത്തിച്ചിരിക്കുകയാണ് മമ്മൂട്ടി. എന്നാൽ സിനിമയിലല്ല ജീവിതത്തിലാണെന്നു മാത്രം. എറണാകുളം ജില്ലാ കളക്ടർ സുഹാസിനെ പ്രശംസിച്ചു കൊണ്ട് വീണ്ടും ഈ ഡയലോഗ് പറഞ്ഞത് രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് മമ്മൂട്ടി ഷെയർ ചെയ്യുകയായിരുന്നു.
രഞ്ജി പണിക്കർ ഇട്ട ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ എ എസ്. ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ. sense. sensibility. sensitivity. Suhas. ഇത്തവണ സെൻസിനും സെൻസിബിലിറ്റിക്കും സെന്സിറ്റിവിറ്റിക്കുമോപ്പം സുഹാസ് എന്ന പേര് കൂടി ചേർത്താണ് രഞ്ജി പണിക്കർ കുറിച്ചതും മമ്മൂട്ടി അത് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തതും. കോവിഡ് 19 ഭീതി മൂലം രാജ്യം ലോക്ക് ഡൗണിലായപ്പോൾ കേരളത്തിലെ പല സ്ഥലങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു പോയിട്ടുണ്ട്. ആ സാഹചര്യത്തിൽ എറണാകുളം കളക്ടർ സുഹാസ് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.