![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/04/mammootty-and-mohanlal-tributes-irrfan-khan.jpg?fit=1024%2C592&ssl=1)
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ ഇർഫാൻ ഖാൻ ഇന്ന് അന്തരിച്ചു. അർബുദ ബാധിതനായി കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നഷ്ടം ഇന്ത്യൻ സിനിമയ്ക്കു നികത്താനാവാത്തതാണ്. ഹോളിവുഡിലും അഭിനയിച്ചു അവിടെ വിജയം നേടിയ ഒരേയൊരു ഇന്ത്യൻ താരമാണ് ഇർഫാൻ ഖാൻ എന്ന് പറയാം. അമേസിങ് സ്പൈഡർ മാൻ, ലൈഫ് ഓഫ് പൈ, ഇൻഫെർണോ, ജുറാസിക് വേൾഡ്, പസിൽ, സ്ലം ഡോഗ് മില്യണയർ തുടങ്ങി ഒരുപാട് ഇംഗ്ലീഷ് ചിത്രങ്ങളിലും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച ബോളിവുഡ് ചിത്രങ്ങളുടേയും ഭാഗമായ അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ഭാരത സർക്കാരിന്റെ പദ്മശ്രീ അവാർഡും നേടിയിട്ടുള്ള കലാകാരനാണ്. ഈ അതുല്യ കലാകാരന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മലയാള സിനിമയൊന്നടങ്കം മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മഹാനടന്മാർ മുതൽ, പൃഥ്വിരാജ്, ഇന്ദ്രജിത്, നിവിൻ പോളി, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ജയസൂര്യ തുടങ്ങിയവരെല്ലാം ഇർഫാൻ ഖാന് ആദരാഞ്ജലികളർപ്പിച്ചു മുന്നോട്ടു വന്നു.
ഇർഫാൻ ഖാന്റെ വിടവാങ്ങൽ വളരെ ദുഃഖകരമായ ഒരു വാർത്തയാണെന്നും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നുവെന്നും മോഹൻലാൽ കുറിച്ചപ്പോൾ, ഇർഫാൻ ഖാന്റെ മരണം ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സ്റ്റേജ് പങ്കിടാൻ അവസരം ലഭിച്ചപ്പോൾ പരസ്പരം സംസാരിക്കാൻ സാധിച്ചെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു. കാർവാ എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ച ഓർമ്മകൾ ദുൽകർ പങ്കു വെച്ചപ്പോൾ പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, സുരേഷ് ഗോപി, ഇന്ദ്രജിത് എന്നിവരൊക്കെ ഈ മഹാനായ അഭിനേതാവിന്റെ കഴിവിനെ കുറിച്ചും അദ്ദേഹം നമ്മുക്ക് സമ്മാനിച്ച ഓർമകളെ കുറിച്ചും തങ്ങളുടെ വാക്കുകളിൽ കുറിച്ചു. ഇന്ത്യയിലെ പ്രശസ്ത വ്യക്തിത്വങ്ങളെല്ലാം ഇർഫാൻ ഖാന് ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്. അമിതാബ് ബച്ചനും, സച്ചിൻ ടെണ്ടുൽക്കറും കമൽ ഹാസനും വിരാട് കോഹ്‌ലിയും, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, മഹേഷ് ബാബു എന്നിവരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലിയുമായി മുന്നോട്ടു വന്നിട്ടുണ്ട്.