ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള പ്രൊഡക്ഷൻ കൺട്രോളർമാരിലൊരാളാണ് ബാദുഷ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും കൂടുതൽ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തയാളാണ് ബാദുഷ. അദ്ദേഹം ഇപ്പോൾ സിനിമ നിർമ്മാണ രംഗത്തേക്കും കൂടി കടന്നിരിക്കുകയാണ്. സിനിമ ഫീൽഡിൽ വന്നിട്ട് 20 വർഷമായെങ്കിലും 2005 മുതലാണ് താൻ സജീവമായതെന്നും വർഗം എന്ന സിനിമയിലൂടെയാണ് സ്വതന്ത്രമായി പ്രൊഡക്ഷൻ കൺട്രോളർ ആകുന്നതെന്നും ബാദുഷ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇത് വരെ ഏകദേശം നൂറിൽപ്പരം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ബാദുഷ 2017 ലും 2018 ലും 2019 ലും ഏറ്റവും കൂടുതൽ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ആള് കൂടിയാണ്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത 27 സിനിമകളിൽ ജോലി ചെയ്ത ബാദുഷക്ക് രാമു കാര്യാട്ട് പുരസ്‍കാരവും ലഭിക്കുകയുണ്ടായി. പ്രൊഡ്യൂസർ ഹസീബ് ഹനീഫ്, വിന്ധ്യൻ, ആന്റോ ജോസഫ്, ആൽവിൻ ആന്റണി, ഡയറക്ടർമാരായ പ്രോമോദ് പപ്പൻ എന്നിവരോടൊക്കെ സിനിമയിൽ കടപ്പാട് ഉണ്ടെങ്കിലും തന്റെ ജീവിതത്തിൽ ടേണിങ് ആയി മാറിയ സഹായങ്ങൾ ചെയ്തു തന്നത് മമ്മുക്കയും കലാഭവൻ മണിച്ചേട്ടനുമാണ് എന്നാണ് ബാദുഷ വെളിപ്പെടുത്തുന്നത്. സിനിമകൾ നിർമ്മിക്കുന്നതിന് വേണ്ടി ബാദുഷ സിനിമാസ് എന്ന ഒരു കമ്പനി ആരംഭിച്ച ബാദുഷയുടെ ആദ്യ ചിത്രത്തിൽ നായകൻ ഫഹദ് ഫാസിലാണ്. ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സജി മോൻ ആണ്. സുഹൃത്ത് ഷിനോയിയുമായി ചേർന്നാണ് ബാദുഷ തന്റെ ആദ്യ ചിത്രം നിർമ്മിക്കാൻ പോകുന്നത്.