മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ ചിത്രം അങ്കിൾ റിലീസിനൊരുങ്ങുകയാണ്. രഞ്ജിത്ത്, എം. പത്മകുമാർ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ച ഗിരീഷ് ദാമോദരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷട്ടർ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാള സിനിമയ്ക്ക് പുതിയ സിനിമാനുഭവം വരച്ചുകാട്ടിയ സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു രചന നിർവഹിക്കുന്ന ചിത്രമാണ് അങ്കിൾ. ആദ്യ ചിത്രം ഷട്ടർ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഷട്ടറിന് ശേഷം ജോയി മാത്യു രചന നിർവ്വഹിക്കുന്ന ചിത്രം ആയതിനാൽ തന്നെ ഒട്ടേറെ പ്രതീക്ഷയുള്ള ഒരു ചിത്രം കൂടിയാണ് അങ്കിൾ. ചിത്രത്തിൽ അഭിനയിക്കുവാനായി എത്തിയ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് നിർമ്മാതാവ് കൂടിയായ രചയിതാവ് ജോയ് മാത്യു അറിയിച്ചത്.
സിനിമയുടെ കഥയും മമ്മൂട്ടിയുടെ കഥാപാത്രവും അദ്ദേഹത്തെ വളരെ ആഴത്തിൽ ആകർഷിക്കുകയുണ്ടായി ജോയ് മാത്യു പറഞ്ഞു. അതിനാൽ തന്നെ മമ്മൂട്ടി ചിത്രത്തിന് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തില്ല. ഇതിനുമുൻപ് പ്രതിഫലമില്ലാതെ അഭിനയിച്ച ചിത്രങ്ങളാണ് കഥ പറയുമ്പോൾ, കയ്യൊപ്പ് എന്നിവ. ഈ രണ്ട് ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ വളരെ മികച്ചതായിരുന്നു അതുകൊണ്ടുതന്നെ അങ്കിൾ എന്ന ചിത്രവും ചിത്രത്തിലെ കഥാപാത്രവും വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രതിനായക പരിവേഷമുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് എന്ന് സൂചനകൾ മുൻപ് തന്നെ ഉണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ ശരിവെക്കുന്ന ടീസറാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം ഉണ്ടാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാർത്തിക, തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തും.