മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്നു മമ്മൂട്ടി..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. അമ്പതു കോടിയിൽ അധികം ബഡ്ജറ്റിൽ ഒരുക്കിയ മാമാങ്കം എന്ന മമ്മൂട്ടി ചിത്രം വിവിധ ഭാഷകളിൽ ആയി വരുന്ന നവംബർ 21 നു ആണ് റിലീസ് ചെയ്യുക. അതിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ മലയാളത്തിലെ മറ്റൊരു വമ്പൻ താരമായ മോഹൻലാലിനെ കുറിച്ചും അദ്ദേഹവുമായുള്ള തന്റെ വർഷങ്ങളുടെ സൗഹൃദത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് മമ്മൂട്ടി. തങ്ങൾ രണ്ടു പേരും സിനിമയിൽ സജീവമായത് ഒരേ കാലത്തു ആണെന്നും താരങ്ങൾ ആവുന്നതിനു മുൻപ് തുടങ്ങിയ സൗഹൃദം ആണ് തങ്ങളുടേത് എന്നും മമ്മൂട്ടി പറയുന്നു.

ആ സൗഹൃദം ഇപ്പോഴും അതുപോലെ തന്നെ നില നിൽക്കുന്നു എന്നും അദ്ദേഹം പറയുന്നു. തങ്ങൾ തമ്മിൽ മത്സരം ഉള്ളത് യഥാർത്ഥ ജീവിതത്തിൽ അല്ല എന്നും തങ്ങളുടെ ചിത്രങ്ങൾ തമ്മിലാണ് മത്സരിക്കുന്നത് എന്നും മമ്മൂട്ടി പറയുന്നു. ആ മത്സരം യഥാർത്ഥ ജീവിതത്തിലേക്ക് തങ്ങൾ കൊണ്ട് വരില്ല എന്നും അത് കൊണ്ടാണ് ഇപ്പോഴും ആ വലിയ സൗഹൃദം നിലനിൽക്കുന്നത് എന്നും മമ്മൂട്ടി വിശദീകരിക്കുന്നു. കുറച്ചു നാൾ മുൻപ് മമ്മൂട്ടിയുടെ മകനും താരവുമായ ദുൽഖർ സൽമാനും ഇവരുടെ സൗഹൃദത്തെ കുറിച്ച് വാചാലനായിരുന്നു. ആരും അസൂയപെട്ടു പോകുന്ന സ്നേഹവും സൗഹൃദവും ആണ് ഇവർ പുലർത്തുന്നത് എന്നും ഇവരുടെ ആ സ്നേഹം കാണുമ്പോൾ ആണ് ആരാധകർ പുറത്തു തമ്മിലടിക്കുന്നതു എന്തിനെന്നു മനസ്സിലാവാത്തത് എന്നും ദുൽഖർ പറഞ്ഞിരുന്നു.

Advertisement

അതുപോലെ താൻ ബോളിവുഡിൽ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ബോളിവുഡ് ആണെന്നും മമ്മൂട്ടി പറയുന്നു. സൽമാൻ ഖാൻ ഒരിക്കൽ മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം എന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ സൽമാൻ പോലെ ഒരു വലിയ താരത്തെ ഉൾക്കൊള്ളാൻ മലയാളത്തിന് സാധിക്കില്ല എന്നും അതുപോലെ വളരെ കഠിനമായ മലയാള ഭാഷ പഠിച്ചു അദ്ദേഹം ഇവിടെ വന്നു അഭിനയിക്കും എന്ന് തനിക്കു തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതിലും നല്ലതു നല്ലൊരു കഥാപാത്രം ലഭിച്ചാൽ താൻ ഹിന്ദിയിൽ വന്നു അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതായിരിക്കും എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മകൻ ദുൽഖർ സൽമാന് ഒരു അച്ഛൻ എന്ന നിലയിൽ പോലും കൂടുതൽ ഉപദേശങ്ങൾ നൽകാറില്ല എന്നും അയാൾ സ്വന്തമായി ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നും മമ്മൂട്ടി വെളിപ്പെടുത്തി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close