മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ മാമാങ്കം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അത്ഭുതപ്പെടുത്തുന്ന സംഘട്ടന രംഗങ്ങളും ത്രില്ലിംഗ് ആയ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ, യുദ്ധ രംഗങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണ്. മമ്മൂട്ടിക്കൊപ്പം വലിയ താര നിര അണിനിരന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം അധികം വൈകാതെ ചൈനയിലും റിലീസ് ചെയ്യും എന്നാണ് ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.
ഹോങ്കോങ്ങിൽ നിന്നുള്ള പന്ത്രണ്ടു പേരുള്ള സംഘം ഈ ചിത്രം കണ്ടു എന്നും അവർക്കു മാമാങ്കം ഒരുപാട് ഇഷ്ട്ടപെട്ടു എന്നും പറഞ്ഞു എന്ന് സംവിധായകൻ പദ്മകുമാർ, വേണു കുന്നപ്പിള്ളി എന്നിവർ അറിയിച്ചു. ചിത്രത്തിന്റെ മുടക്കു മുതലിനേക്കാൾ വലിയ തുക ആണ് അവർ ഇതിന്റെ ചൈന റിലീസ് റൈറ്റ്സ് ആയി ഓഫർ ചെയ്തിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തി. ഈ ചിത്രത്തിൽ അഭിനയിച്ച മാസ്റ്റർ അച്യുതൻ, മണികണ്ഠൻ ആചാരി എന്നിവരും ഇന്നത്തെ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം നാൽപ്പതിൽ അധികം രാജ്യങ്ങളിൽ ആണ് റിലീസ് ചെയ്തത്.