ഒരുപക്ഷെ മക്കളേക്കാൾ എനിക്ക് മെസേജുകളയച്ചത് ലാലുവാണ്; പൃഥ്‌വിരാജിനും തനിക്കും മോഹൻലാൽ നൽകുന്ന പിന്തുണ വളരെ വലുതെന്നു മല്ലിക സുകുമാരൻ..!

Advertisement

കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രശസ്ത നടിയും, നടന്മാരായ പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവരുടെ അമ്മയുമായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കോവിഡ് 19 ഭീഷണി മൂലം ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലായ സമയത്താണ് മല്ലിക സുകുമാരന്റെ മകനും യുവ താരവുമായ പൃഥ്വിരാജ് സുകുമാരൻ ജോർദാനിൽ കുടുങ്ങി പോയത്. ലോക്ക് ഡൗണിനു മുൻപേ ആടു ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിനായി സംവിധായകൻ ബ്ലെസ്സിയുടെയും ടീമിന്റേയുമൊപ്പം ജോര്ദാനിലെത്തിയ പൃഥ്വിരാജ് കൊറോണ ഭീഷണി വർധിച്ചതോടെ ഷൂട്ടിംഗ് സംഘത്തോടൊപ്പം അവിടെ കുടുങ്ങി പോവുകയായിരുന്നു. ഷൂട്ടിംഗ് തുടരാനാവാത്ത സാഹചര്യത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ പൃഥ്വിരാജ് സുകുമാരന് ഏറ്റവും കൂടുതൽ പിന്തുണയുമായി കൂടെ നിന്നതു നടൻ മോഹൻലാൽ ആണെന്ന് പറയുകയാണ് അമ്മ മല്ലിക സുകുമാരൻ. ഒരുപക്ഷെ തന്റെ മക്കളേക്കാൾ കൂടുതൽ തനിക്കു ആശ്വാസ വാക്കുകളുമായി തന്നെ വിളിച്ചും സന്ദേശമയച്ചും സംസാരിച്ചത് മോഹൻലാൽ ആണെന്നും തന്റെ മകനോട് മോഹൻലാൽ നിരന്തരം സംസാരിക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.

രാജുവുമായി വോയ്‌സ് മെസേജുകളിലൂടെ സംസാരിക്കാറുണ്ടെന്നും അവര്‍ നല്ല രീതിയില്‍ തന്നെയാണുള്ളതെന്നും മോഹന്‍ലാല്‍ അറിയിച്ചെന്നും ഈ അമ്മ പറയുന്നു. അന്തരിച്ചു പോയ നടൻ സുകുമാരന്റെ ഭാര്യയായ മല്ലിക സുകുമാരന് മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. മോഹൻലാലിന് പുറമെ കേന്ദ്ര മന്ത്രി വി മുരളിധരൻ, ജയറാം, സിദ്ദിഖ്, കെപിഎസി ലളിത തുടങ്ങിയവരും പൃഥ്വിരാജിനെയും സംഘത്തെയും കുറിച്ച് അറിയാന്‍ വിളിച്ചിരുന്നുവെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തി. നേരത്തെ സംവിധായകൻ ബ്ലെസിയും ഈ കാര്യം ജോർദാനിൽ നിന്നും നൽകിയ മാധ്യമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ബി ഉണ്ണികൃഷ്ണൻ, കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് ഒക്കെ നിരന്തരം തങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും തങ്ങൾക്കു വേണ്ട എല്ലാ പിന്തുണയും തരുന്നുണ്ടെന്നും ബ്ലെസ്സി പറഞ്ഞു. ഇപ്പോൾ ആടു ജീവിതത്തിന്റെ ഷൂട്ടിംഗ് അവിടെ വീണ്ടും ആരംഭിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ജോർദാനിലെ വാദി അല്‍ റം മരുഭൂമിയിലെ ക്യാംപില്‍ ആണിപ്പോൾ ഷൂട്ടിംഗ് സംഘം താമസിക്കുന്നത്. അവിടുത്തെ ഗവണ്മെന്റിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട് എന്നും അവർ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close